kannur local

ഡിഫ്്ത്തീരിയ: ജാഗ്രതയോടെ ആരോഗ്യവകുപ്പ്

കണ്ണൂര്‍: നീണ്ട ഒരിടവേളയ്ക്കു ശേഷം ജില്ലയില്‍ വീണ്ടും ഡിഫ്ത്തീരിയ (തൊണ്ടമുള്ള്) സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതയില്‍. പേരാവൂരിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പഠിക്കുന്ന വിദ്യാര്‍ഥിനിക്കാണ് രോഗം ബാധിച്ചത്. കുട്ടിക്ക്് ദേശീയ രോഗപ്രതിരോധ പട്ടിക പ്രകാരമുള്ള കുത്തിവയ്പുകള്‍ എടുത്തിരുന്നുവെന്നാണ് രക്ഷിതാക്കളുടെ വാദം. രോഗം റിപോര്‍ട്ട് ചെയ്യപ്പെട്ട മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. പനി, തൊണ്ടവേദന, തൊണ്ടവീക്കം തുടങ്ങിയ രോഗലക്ഷങ്ങള്‍ ഉള്ളവരെ തുടര്‍ന്നും നിരീക്ഷണവിധേയമാക്കും. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആവശ്യത്തിന് ‘ആന്റി ടോക്‌സിന്‍’ മരുന്നുകള്‍ പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്. 2016 ജൂലൈയില്‍ പെരിങ്ങളം പ്രാഥമികാരോഗ്യ കേന്ദ്രം പരിധിയിലെ പെരിങ്ങത്തൂരില്‍ ഏഴുവയസ്സുകാരന് ഡിഫ്ത്തീരിയ സ്ഥിരീകരിച്ചിരുന്നു. ‘കൊറൈന്‍ ബാക്ടീരിയം ഡിഫ്ത്തീരിയെ’ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന ഈ രോഗം ബാധിച്ചാല്‍ മരണം വരെ സംഭവിക്കാം. തൊണ്ടയില്‍ രൂപപ്പെടുന്ന വെളുത്ത പാടയില്‍നിന്ന് ടോക്‌സിന്‍ (വിഷം) വൃക്കയിലേക്കും ഹൃദയത്തിലേക്കും ബാധിക്കുന്നതാണ് ഡിഫ്ത്തീരിയയെ മാരകമാക്കുന്നത്. പ്രതിരോധ കുത്തിവയ്പിന്റെ തോത് കുറഞ്ഞ മേഖലകളിലാണ് സാധാരണയായി ഈ രോഗം കാണപ്പെടുന്നത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇതിനകം ഡിഫ്ത്തീരിയ കേസുകള്‍ സ്ഥിരീകരിക്കപ്പെടുകയും മരണങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പിലൂടെ ഈ മാരകരോഗം പൂര്‍ണമായും തടയാം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ദേശീയ രോഗപ്രതിരോധ പട്ടിക പ്രകാരമുള്ള കുത്തിവയ്പുകള്‍ സൗജന്യമായി നല്‍കുന്നുണ്ട്.
Next Story

RELATED STORIES

Share it