malappuram local

ഡിഫ്തീരിയ: ആശങ്ക അകറ്റി ആരോഗ്യ വകുപ്പ്; പുളിക്കല്‍ ഹൈസ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും കുത്തിവയ്‌പെടുക്കും

കൊണ്ടോട്ടി: ഡിഫ്തീരിയ ബാധിച്ച് വിദ്യാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് പുളിക്കല്‍ എഎംഎം ൈഹസ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രതിരോധ കുത്തിവയ്‌പ്പെടുക്കാന്‍ തീരുമാനം. അഞ്ചുമുതല്‍ 10 വരെ ക്ലാസ്സുകളിലായി 2,500 വിദ്യാര്‍ഥികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. ഇന്നലെ ആരോഗ്യവകുപ്പ് വിളിച്ചുചേര്‍ത്ത രക്ഷിതാക്കളുടെ ബോധവല്‍ക്കരണ യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്.
ഹൈസ്‌കൂള്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് തിങ്കളാഴ്ചയും യുപി വിഭാഗത്തിലുള്ളവര്‍ക്ക് ചൊവ്വാഴ്ചയും കുത്തിവയ്പ്പ് നല്‍കും. കുത്തിവയ്പ്പിനെ കുറിച്ച് രക്ഷിതാക്കള്‍ക്കുള്ള ആശങ്ക അകറ്റുന്നതായിരുന്നു ബോധവല്‍കരണ ക്ലാസ്. കുത്തിവയ്‌പ്പെടുക്കുന്ന കുട്ടികള്‍ക്ക് ഭാവിയില്‍ മക്കളുണ്ടാവില്ലെ എന്നായിരുന്നു പലര്‍ക്കും സംശയം. ഇത് അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്ത മരുന്നണെന്നും കുട്ടികളില്‍ നിര്‍ബന്ധിപ്പിക്കുകയാണെന്നുമായിരുന്നു മറ്റൊരു ആശങ്ക. എന്നാല്‍, സാധാരണക്കാരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി ബോധവല്‍കരണ ക്ലാസ്സുകളിലുണ്ടായി. ഇന്ത്യയില്‍ നിര്‍മിക്കുന്ന പോളിയോ വാക്‌സിനാണ് ലോകത്തെ മുഴുവന്‍ രാജ്യങ്ങളിലേക്കും അയക്കുന്നതെന്ന് അരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കുത്തിവയ്പ്പിനെക്കുറിച്ച് മൂഢമായ ചിന്താഗതിയും തീരുമാനങ്ങളും കൈകൊള്ളുന്നതാണ് മക്കളുടെ ജീവന്‍ അപകടത്തിലാക്കുന്നതെന്നും ഇവര്‍ പറഞ്ഞു. കുത്തിവയ്പ്പുമൂലം വന്ധ്യതയുണ്ടാവുകയാണെങ്കില്‍ പ്രസവം നിര്‍ത്താന്‍ തുള്ളിമരുന്ന് നല്‍കിയാല്‍ മതിയാവുമോ എന്നായിരുന്നു ആരോഗ്യവകുപ്പിന്റെ മറുചോദ്യം. കുത്തിവയ്പ്പിനോട് ആരും വൈമുഖ്യം കാണിക്കരുതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ ഡോ. ഷാജി അറക്കല്‍, ഡോ. ജോജോ പോംസണ്‍ ബോധവല്‍കരണ ക്ലാസ്സില്‍ വിശദീകരിച്ചു.
പിറന്നനാള്‍ തൊട്ട് അഞ്ചുവയസ്സ് വരെ അഞ്ചുതവണയായി നല്‍കുന്ന കുത്തിവയ്പ്പിനോട് വൈമുഖ്യം കാണിക്കുന്നതാണ് ഡിഫ്തീരിയ പോലോത്ത രോഗങ്ങള്‍ വീണ്ടും തലപൊക്കാന്‍ കാരണം. ഡിഫ്തീരിയ, ടെറ്റനസ്, വില്ലന്‍ ചുമ എന്നിവയ്‌ക്കെതിരെയുള്ള കുത്തിവയ്പ്പാണ് അഞ്ചു തവണയായി നല്‍കുന്നത്. കുഞ്ഞുങ്ങള്‍ക്ക് ഒന്നര മാസം, രണ്ടര മാസം, മൂന്നര മാസം, ഒന്നര വയസ്സ്, 5 വയസ്സ് എന്നിവയിലാണ് കുത്തിവയ്പ്പ് നല്‍കാറ്. ഇത് പൂര്‍ണമായും എടുക്കാത്ത കുട്ടികളില്‍ ഏഴ് വയസ്സില്‍ മൂന്നുതവണ ടിഡി വാക്‌സിന്‍ നല്‍കിയാലും രോഗം പ്രതിരോധിക്കാനാവുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ഉമ്മര്‍ ഫാറൂഖിന്റെ നിര്‍ദേശത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് വേലായുധന്‍, ഡെപ്യൂട്ടി മാസ്മീഡിയ ഓഫിസര്‍ സാദിഖലി, ഡോ. ഷാജി അറക്കല്‍, ഡോ. ജോജോ പോംസണ്‍, പുളിക്കല്‍ പഞ്ചായത്ത് പ്രസിന്റുമാരായ സുനീറ വഹാബ്, സജിനി ഉണ്ണി, ജില്ലാപഞ്ചായത്ത് അംഗം സറീന ഹസീബ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it