ഡിഡിസിഎ അഴിമതി: വെല്ലുവിളിച്ച് കീര്‍ത്തി ആസാദ്; തലയൂരാനാവാതെ അരുണ്‍ ജെയ്റ്റ്‌ലി

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉള്‍പ്പെട്ട ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ) അഴിമതിക്കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ബിജെപി എംപി കീര്‍ത്തി ആസാദ്. ഇന്നലെ ലോക്‌സഭയുടെ ശൂന്യവേളയില്‍ കോണ്‍ഗ്രസ്സിലെ കെ സി വേണുഗോപാലാണ് വിഷയം ഉന്നയിച്ചത്. ഇതേത്തുടര്‍ന്ന് അരുണ്‍ ജെയ്റ്റ്‌ലി ആരോപണങ്ങള്‍ നിഷേധിച്ചു മറുപടി നല്‍കി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഏതു തരത്തിലുള്ള ചര്‍ച്ചയ്ക്കും തയ്യാറാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
ഇതിനു ശേഷം സംസാരിച്ച ബിജെപി അംഗം കീര്‍ത്തി ആസാദ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 114 കോടി രൂപ മുടക്കി നിര്‍മിച്ച സ്റ്റേഡിയത്തിന്റെ അവസ്ഥ ഇപ്പോള്‍ എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് കീര്‍ത്തി ആസാദ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍, അഴിമതിയില്‍ അരുണ്‍ ജെയ്റ്റ്‌ലിക്കുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ കീര്‍ത്തി ആസാദ് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ, തനിക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ അരുണ്‍ ജെയ്റ്റ്‌ലിയെ കീര്‍ത്തി ആസാദ് വെല്ലുവിളിച്ചു.
അതേസമയം, തനിക്കെതിരേ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കുമെതിരേ അരുണ്‍ ജെയ്റ്റ്‌ലി മാനനഷ്ടത്തിനു കേസ് നല്‍കി. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഡല്‍ഹി പാട്യാല കോടതിയില്‍ കെജ്‌രിവാളിനും അഞ്ചു പാര്‍ട്ടി നേതാക്കള്‍ക്കുമെതിരേ ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്. കേസില്‍ അടുത്ത മാസം 5നു വാദം കേള്‍ക്കും.
എന്നാല്‍ അഴിമതി, വെട്ടിപ്പ്, പൊതുധനാപഹരണം തുടങ്ങിയ കുറ്റങ്ങളില്‍ ജെയ്റ്റ്‌ലിക്കെതിരേ പോലിസില്‍ പരാതി നല്‍കുമെന്ന് ആം ആദ്മി പാര്‍ട്ടിയും വ്യക്തമാക്കി. ഇതുസംബന്ധിച്ചു പ്രത്യേക നിയമസഭാ സമ്മേളനവും വിളിച്ചുചേര്‍ക്കും. ഡല്‍ഹി സര്‍ക്കാരിന്റെ അന്വേഷണ കമ്മീഷനു മുന്നില്‍ ജെയ്റ്റ്‌ലി ഹാജരാകണമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.
കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെട്ട വന്‍ സന്നാഹങ്ങളുടെ അകമ്പടിയോടെയാണ് ജെയ്റ്റ്‌ലി കേസ് ഫയല്‍ ചെയ്യാന്‍ എത്തിയത്. ആരോപണങ്ങള്‍ തെറ്റാണെന്നു തെളിയിക്കുന്ന ക്രിക്കറ്റ് അസോസിയേഷന്റെ രേഖകള്‍ എന്തെങ്കിലും ഹാജരാക്കിയിട്ടുണ്ടോ എന്ന് മജിസ്‌ട്രേറ്റ് ആരാഞ്ഞു. രേഖകള്‍ ഇപ്പോള്‍ ഇല്ലെന്നും ആവശ്യമെങ്കില്‍ ഹാജരാക്കാം എന്നുമായിരുന്നു ജെയ്റ്റ്‌ലിയുടെ അഭിഭാഷകന്റെ മറുപടി.
Next Story

RELATED STORIES

Share it