ഡിഡിസിഎ അഴിമതി: ജെയ്റ്റ്‌ലിയെ പിന്തുണച്ച് മോദി

ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹവാലാ കേസില്‍പ്പെട്ട എല്‍ കെ അഡ്വാനി മുമ്പ് തിരിച്ചുവന്നതുപോലെ ജെയ്റ്റ്‌ലിയും അഴിമതി ആരോപണങ്ങളില്‍ നിന്നു മുക്തനാവുമെന്നായിരുന്നു മോദിയുടെ പ്രതികരണം. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോദി ജെയ്റ്റ്‌ലിക്കുള്ള പിന്തുണ പ്രഖ്യാപിച്ചത്.
ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ ആം ആദ്മിയെയും കോണ്‍ഗ്രസ്സിനെയും മോദി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ വസ്തുതാവിരുദ്ധവും കൃത്രിമവുമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് മോദി പറഞ്ഞു. എന്നാല്‍, പാര്‍ട്ടി അംഗമായ കീര്‍ത്തി ആസാദ് ജെയ്റ്റ്‌ലിക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ മോദി പരാമര്‍ശിച്ചില്ല. ആസാദ് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
അതേസമയം, കീര്‍ത്തി ആസാദിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായതായാണ് റിപോര്‍ട്ട്. ഇന്നു പാര്‍ലമെന്റ് സമ്മേളനം സമാപിച്ചതിനു ശേഷമായിരിക്കും നടപടി. ആദ്യം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.
അതിനിടെ, തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി കീര്‍ത്തി ആസാദ് പറഞ്ഞു. തന്റെ ജീവനു ഭീഷണിയുണ്ടെന്നും ജെയ്റ്റ്‌ലി നപുംസകമാണെന്നും ആസാദ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍, ഈ ട്വീറ്റ് തന്റേതല്ലെന്ന് മറ്റൊരു കുറിപ്പിലൂടെ ആസാദ് വ്യക്തമാക്കി.
അതിനിടെ, ഡല്‍ഹി മുഖ്യമന്ത്രിക്കെതിരായ അരുണ്‍ ജെയ്റ്റ്‌ലിയുടെ നിയമനടപടിയില്‍ കെജ്‌രിവാളിനു വേണ്ടി പ്രമുഖ അഭിഭാഷകനും മുന്‍ ബിജെപി നേതാവുമായ രാം ജത്മലാനി ഹാജരാകും. ജത്മലാനി ഫീസില്ലാതെ കോടതിയില്‍ ഹാജരാവുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
എല്‍ കെ അഡ്വാനി ഹവാലാ കേസില്‍ നിന്ന് രക്ഷപ്പെട്ടത് താന്‍ കോടതിയില്‍ ഹാജരായതിനാലാണെന്നായിരുന്നു മോദിക്കുള്ള ജത്മലാനിയുടെ മറുപടി. അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ കോടതിയില്‍ ഹാജരാവുന്നത് താനാണെന്നും അദ്ദേഹം വ്യക്തമാക്കി.
അരുണ്‍ ജെയ്റ്റ്‌ലിയുടെ രാജി ആവശ്യപ്പെട്ട് ഇന്നലെയും പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറി.
Next Story

RELATED STORIES

Share it