ഡിഡിസിഎ അഴിമതി; ഗോപാല്‍ സുബ്രഹ്മണ്യം എന്‍എസ്എയുടെ സഹായം തേടി

ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ നിയമിക്കപ്പെട്ട മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം തന്റെ സംഘത്തിലെ പ്രഗല്‍ഭരായ ഉദ്യോഗസ്ഥരെ വിട്ടുതരണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവലിന് അദ്ദേഹം ഇതുസംബന്ധിച്ചു കത്തെഴുതി. രഹസ്യാന്വേഷണ ബ്യൂറോ, സിബിഐ, ഡല്‍ഹി പോലിസ് എന്നിവയില്‍ നിന്ന് 5 ഉദ്യോഗസ്ഥരെ വീതം വിട്ടുതരണമെന്നാണു സുബ്രഹ്മണ്യം ആവശ്യപ്പെട്ടത്.
അന്വേഷണച്ചുമതല ഏറ്റെടുത്തുകൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനയച്ച കത്തിലും അഴിമതിവിരുദ്ധ വിഭാഗത്തിലെ അഞ്ച് പ്രഗല്‍ഭ ഓഫിസര്‍മാരുടെ പേരുകള്‍ നിര്‍ദേശിക്കുവാനും ഗോപാല്‍ സുബ്രഹ്മണ്യം ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ ചില വെളിപ്പെടുത്തലുകള്‍ ദേശീയ സുരക്ഷയെ ബാധിക്കുന്നവയായതിനാല്‍ അന്വേഷണത്തിനു സഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനു കൂടി ഉത്തരവാദിത്തമുണ്ട്. അതുകൊണ്ടാണു പ്രഗല്‍ഭരായ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഏതെല്ലാം ഓഫിസറെ അനുവദിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം താങ്കള്‍ക്കുണ്ടെന്നും സുബ്രഹ്മണ്യം ഡോവലിനെഴുതിയ കത്തില്‍ പറഞ്ഞു. അന്വേഷണത്തിന്റെ തുടക്കത്തില്‍ പാലിക്കേണ്ട നടപടിക്രമങ്ങളുടെ ഭാഗമായാണ് ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതിയതെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളും തല്‍സമയം സംപ്രേഷണം ചെയ്യുമെന്ന് അദ്ദേഹം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. അതേസമയം ഏകാംഗ കമ്മീഷന്‍ ദേശീയ ഉപദേഷ്ടാവിനെഴുതിയ കത്ത് വിലകുറഞ്ഞ പ്രചാരണത്തിന്റെ ഭാഗമാണെന്ന് ബിജെപി സെക്രട്ടറി ശ്രീകാന്ത് ശര്‍മ പറഞ്ഞു. കമ്പനി നിയമത്തിന്‍കീഴില്‍ രജിസ്റ്റര്‍ ചെയ്ത ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനെപ്പറ്റി അന്വേഷിക്കാന്‍ ഡല്‍ഹി സര്‍ക്കാരിനു ഭരണഘടനാനുസൃതമായി അധികാരമില്ല.കെജ്‌രിവാളിനു വേണ്ടി സുബ്രഹ്മണ്യം നാടകം കളിക്കുകയാണെന്നും ശ്രീകാന്ത് ശര്‍മ ആരോപിച്ചു.
Next Story

RELATED STORIES

Share it