Alappuzha local

ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷം; ആലപ്പുഴയ്ക്ക് കേന്ദ്ര പുരസ്‌കാരം

ആലപ്പുഴ: ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷ പരിപാടികളിലെ പങ്കാളിത്തമികവിന് സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം നേടിയ ആലപ്പുഴയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം. ജൂലൈ ഒന്നുമുതല്‍ ഏഴുവരെ നടന്ന ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷത്തില്‍ ജില്ലയില്‍ മികച്ച പരിപാടികള്‍ സംഘടിപ്പിച്ചതിനാണ് കേന്ദ്ര പുരസ്‌കാരം.
നാളെ ന്യൂഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര വിവര-സാങ്കേതിക കാര്യ മന്ത്രി രവി ശങ്കര്‍ പ്രസാദില്‍നിന്ന് ജില്ലാ കലക്ടര്‍ എന്‍ പത്മകുമാറും ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ പി പാര്‍വതീദേവിയും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങും. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി.
വാരാഘോഷത്തോടനുബന്ധിച്ച് നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററും അക്ഷയ കേന്ദ്രങ്ങളും വിവിധ വകുപ്പുകളും ചേര്‍ന്ന് ജനപ്രതിനിധികളുടെ സഹകരണത്തോടെയാണ് ജില്ലയില്‍ പരിപാടികള്‍ സംഘടിപ്പിച്ചത്.
സര്‍ക്കാര്‍ ഓഫിസുകളിലും കോളജുകളിലും സ്‌കൂളുകളിലും ജില്ലാ പഞ്ചായത്തിലും ഡിജിറ്റല്‍ ലോക്കര്‍ രജിസ്‌ട്രേഷനായി പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിച്ചിരുന്നു.
ഇതുകൂടാതെ വിവര- സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കായും ഉദ്യോഗസ്ഥര്‍ക്കായും ക്വിസ് പരിപാടികളും സെമിനാറുകളും ശില്‍പശാലകളും സംഘടിപ്പിച്ചിരുന്നു.
ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനമികവിനുള്ള അംഗീകാരം കൂടിയാണ് കേന്ദ്ര പുരസ്‌കാരം. സാധാരണക്കാരുടെ അപേക്ഷകളില്‍ വേഗത്തില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സഹായകരമാണ്.
Next Story

RELATED STORIES

Share it