Editorial

ഡിജിറ്റല്‍ ഇന്ത്യയിലെ പിങ്ക് ഫാഷിസം

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ വാഗ്ദാനപ്പെരുമയില്‍ പിങ്ക് റവല്യൂഷന്‍ എന്ന പ്രയോഗം തിരുകിക്കയറ്റിയത് എന്തിനാണെന്ന് അന്നു പലര്‍ക്കും അവ്യക്തമായിരുന്നു. ഭരണത്തിലേറിയതു തൊട്ടിങ്ങോട്ട് മോദി സര്‍ക്കാര്‍ സ്വീകരിച്ചുപോരുന്ന നിലപാടുകളിലൂടെ രാഷ്ട്രം ഇന്നതിന്റെ അര്‍ഥം ഗ്രഹിച്ചുവരുകയാണ്. ഡിജിറ്റല്‍ ഇന്ത്യയും മേക്ക് ഇന്‍ ഇന്ത്യയുമടങ്ങുന്ന മോദിയുടെ വികസന ബ്രാന്‍ഡുകളുടെ വര്‍ണാഭമായ പുറംചട്ടകള്‍ക്കിടയില്‍ പിങ്ക് റവല്യൂഷന്‍ എന്നത് ഫാഷിസം സ്ഥാപിക്കുന്ന വിപ്ലവമാണ്. ദാദ്രിയില്‍ രക്തദാഹികളായി അഖ്‌ലാഖിന്റെ വീട്ടിലേക്ക് ഓടിയടുത്ത ജനക്കൂട്ടം അത്തരം വിപ്ലവമാണ് നയിക്കുന്നത്.
ഗോവധനിരോധനവുമായി ബന്ധപ്പെട്ട ഹിന്ദുത്വ സംഘടനകളുടെ മുറവിളികള്‍ക്കു സ്വാതന്ത്ര്യലബ്ധിയേക്കാള്‍ പഴക്കമുണ്ടെങ്കിലും ഇത്രയധികം ശക്തമായി ഉയര്‍ത്തപ്പെടുന്നതും അക്രമാസക്തമാവുന്നതും മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷമാണെന്നത് ശ്രദ്ധേയമാണ്. ദാദ്രിയിലെ സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും മറ്റും ഉന്നയിക്കപ്പെട്ട ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടയില്‍ ആയുധം നഷ്ടപ്പെട്ട് രക്ഷാകവചമായി അംബേദ്കറെ വരെ കൂട്ടുപിടിക്കാന്‍ ഗോവധനിരോധനവാദികള്‍ ശ്രമിച്ചുവെന്നതാണ് ഏറെ അതിശയം. കാലഫോര്‍ണിയയില്‍ പ്രധാനമന്ത്രി, രക്തസാക്ഷിയും കടുത്ത വലതുപക്ഷവിരോധിയുമായിരുന്ന ഭഗത്‌സിങിനെ കൂട്ടുപിടിച്ചു പ്രസംഗം തുടങ്ങിയത് ഇത്തരുണത്തില്‍ ഓര്‍ക്കാവുന്നതാണ്.
രാജ്യത്താകമാനം ഗോവധനിരോധനം നടപ്പാക്കണമെന്നും ഗോമാതാവിന്റെ പരിപാവനത്വം സംരക്ഷിക്കപ്പെടണമെന്നും മുറവിളി കൂട്ടുന്ന പരിവാര സംഘടനകള്‍, ഇന്ത്യയില്‍ ഗോമാംസ കയറ്റുമതിയില്‍ മുന്നില്‍ നില്‍ക്കുന്ന ആറു കമ്പനികളില്‍ നാലും ആര്‍എസ്എസിനോട് അടുത്ത ബന്ധമുള്ള ഹിന്ദുക്കളുടേതാണെന്ന യാഥാര്‍ഥ്യം കാണാതെപോവുകയാണ്. ഹൈന്ദവ മതവികാരങ്ങളെ ഊതിക്കത്തിച്ചു വര്‍ഗീയ ധ്രുവീകരണം സാധ്യമാക്കുകയും അതുവഴി ഹിന്ദുക്കളെ തങ്ങള്‍ക്ക് അനുകൂലമാക്കി നിര്‍ത്തലുമൊക്കെ ബിജെപിയുടെ രാഷ്ട്രീയതന്ത്രങ്ങളില്‍ ഏറ്റവും ഫലപ്രാപ്തിയുള്ളതായിരുന്നുവെന്ന കാര്യത്തില്‍ നമുക്കാര്‍ക്കും സംശയമില്ല.
പിങ്ക് ഫാഷിസത്തിന്റെ വിഷം തുപ്പുന്ന സര്‍പ്പങ്ങള്‍ തലപൊക്കാന്‍ തുടങ്ങിയതിന്റെ അരക്ഷിതാവസ്ഥയാണ് ഇന്നു നാട്ടിലെങ്ങും നാം കാണുന്നത്. മതസഹിഷ്ണുതയുടെയും പരസ്പര സാഹോദര്യത്തിന്റെയും നാനാത്വത്തില്‍ ഏകത്വം ഘോഷിക്കുന്ന ഇന്ത്യയില്‍ നിന്നു ഹിന്ദുത്വ ഫാഷിസം ലക്ഷ്യമിടുന്ന ഇന്ത്യയിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നത് ഭീതിയോടെ മാത്രമേ നമുക്ക് നോക്കിക്കാണാനാവൂ. രാജ്യത്തെ കോര്‍പറേറ്റുകള്‍ക്കു തീറെഴുതിക്കൊടുക്കുന്ന വികസന സമവാക്യങ്ങളുമായി മുന്നോട്ടുപോകുന്ന മോദി സര്‍ക്കാരിനു ജനപിന്തുണ നഷ്ടപ്പെടാതിരിക്കണമെങ്കില്‍ വര്‍ഗീയ വേര്‍തിരിവുകളുടെ സംഘര്‍ഷഭരിതമായ അന്തരീക്ഷം നിലനിര്‍ത്തണം. പശുക്കളെ കേന്ദ്രീകരിച്ചുള്ള കന്നുകാലി വികസനത്തിനു പകരം വയ്ക്കുന്ന ഗോമാംസനിരോധനത്തിനു പിന്നില്‍ ഇതേ അജണ്ടകള്‍ തന്നെയാണെന്നു വ്യക്തമാണ്.
വാചകമേളകളിലൂടെ മാത്രം രാജ്യം ഭരിക്കാന്‍ കഴിയില്ലെന്ന സന്ദേശം പല രൂപത്തിലായി മോദിക്കും അമിത്ഷാക്കും ലഭിക്കുന്നുണ്ട് എന്നതാണ് ഭയജനകമായ രാഷ്ട്രീയ കാലാവസ്ഥയില്‍ പ്രതീക്ഷ നല്‍കുന്നത്. ബിഹാറിലെ ജനത ബാഹരികളെ പുറംതള്ളി ഇന്ത്യക്കാര്‍ ഒരുതരം ഫാഷിസവും അംഗീകരിക്കില്ലെന്നു തെളിയിച്ചു. രാജ്യത്തെ ബുദ്ധിജീവികളും ശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും പല രൂപത്തില്‍ അതിനെതിരേ പ്രതികരിച്ചുകൊണ്ടിരിക്കുന്നു. മോദി ലണ്ടനില്‍ ചെന്നപ്പോഴും ആ സന്ദേശമുള്ള പ്ലക്കാര്‍ഡുകളുമായി ആയിരങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
Next Story

RELATED STORIES

Share it