Flash News

ഡിജിപി-എഡിജിപി പോര് രൂക്ഷമാക്കുന്നത് സര്‍ക്കാര്‍ : ചെന്നിത്തല



തിരുവനന്തപുരം: പോലിസ് ആസ്ഥാനത്ത് ഡിജിപി-എഡിജിപി പോര് അതിരുവിട്ടിട്ടും നിയന്ത്രിക്കാന്‍ ശ്രമിക്കാതെ രൂക്ഷമാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പോലിസ് മേധാവികള്‍ തമ്മിലുള്ള യുദ്ധം വഷളാക്കാന്‍ ഒരു ഭരണകൂടം ഒത്താശചെയ്യുന്നത് ചരിത്രത്തിലാദ്യമാണ്. ഇത് പോലിസ് സേനയുടെ അന്തസ്സിനെയും മനോവീര്യത്തെയും തകര്‍ക്കും. സുപ്രിംകോടതിയില്‍ നിന്ന് വിധി സമ്പാദിച്ച് ഡിജിപി സ്ഥാനത്ത് സെന്‍കുമാര്‍ മടങ്ങിയെത്തിയതിലെ ജാള്യതയും അരിശവും തീര്‍ക്കാന്‍ പോലിസ് ആസ്ഥാനത്തെ സര്‍ക്കാര്‍ യുദ്ധക്കളമാക്കി മാറ്റുന്നത് ഇരിക്കുന്ന കൊമ്പു മുറിക്കുന്നതിനു തുല്യമാണ്. ഡിജിപിയും എഡിജിപിയും തമ്മില്‍ കൈയാങ്കളിവരെ ഉണ്ടായെന്ന പരാതി സംസ്ഥാനത്തിനാണ് നാണക്കേട് വരുത്തിവച്ചിരിക്കുന്നത്. ഡിജിപിയുടെ ഉത്തരവുകള്‍ സര്‍ക്കാര്‍ ഇടപെട്ട് അട്ടിമറിക്കുന്നത് മോശപ്പെട്ട സന്ദേശമാണു നല്‍കുന്നത്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ തമ്മിലടിപ്പിക്കുന്നത് ഒരു തന്ത്രമായി സര്‍ക്കാര്‍ മാറ്റിയിരിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു തൊട്ടു പിന്നാലെ ഐഎഎസുകാരും ഐപിഎസുകാരുമായ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലാരംഭിച്ച കൂട്ടയടി മാസങ്ങളോളമാണ് നീണ്ടുനിന്നത്. കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണര്‍ ജെ ജയനാഥിനെ മാറ്റിയ രീതിയും ദുരൂഹത ഉയര്‍ത്തുന്നു. ഏറാന്‍മൂളികളെ കുടിയിരുത്താനായി ക്രമസമാധാനച്ചുമതലയുള്ള ഉദ്യോഗസ്ഥരെ അടിക്കടി സ്ഥലംമാറ്റുന്നത് ക്രമസമാധാനനില തകരാറിലാക്കാനേ ഉപകരിക്കുകയുള്ളൂ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, കൊച്ചി മെട്രോ യുഡിഎഫിന്റെ കുട്ടിയാണെന്നു ചെന്നിത്തല. ക്ഷണിച്ചാലും ഇല്ലെങ്കിലും യുഡിഎഫ് കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങു ബഹിഷ്‌കരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മെട്രോ ഉദ്ഘാടനത്തിന്റെ വേദിയില്‍ നിന്നു പ്രതിപക്ഷനേതാവ്, മെട്രോമാന്‍ ഇ ശ്രീധരന്‍ എന്നിവരുള്‍പ്പെടെ പ്രമുഖരെ ഒഴിവാക്കിയതിനോടു പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. മെട്രോ ഉദ്ഘാടനം വിവാദങ്ങളില്ലാതെ നടത്താന്‍ കഴിയേണ്ടതായിരുന്നു. ബഹിഷ്‌കരണമല്ലാതെ വേറെ എന്തുചെയ്യണമെന്നു തീരുമാനിക്കാന്‍ എറണാകുളത്തെ എംഎല്‍എമാരുടെയും ജനപ്രതിനിധികളുടെയും യോഗം ഡിസിസി വിളിച്ചിട്ടുണ്ട്. വ്യാഴാഴ്ചത്തെ യോഗത്തില്‍ ബാക്കി പരിപാടികള്‍ തീരുമാനിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.കൊച്ചി മെട്രോ ഉദ്ഘാടനപരിപാടി മംഗളവും ആഹ്ലാദകരവുമാക്കി മാറ്റാന്‍ കൂറെക്കൂടി ജാഗ്രത കാണിക്കണമായിരുന്നെന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
Next Story

RELATED STORIES

Share it