ഡിജിപിമാരുടെ നിയമനം: ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ എതിര്‍പ്പ് രൂക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെ പുതിയ തസ്തികകളിലേക്കു നിയമിച്ച വിഷയത്തില്‍ ഡിജിപിമാര്‍ക്കിടയില്‍ ഭിന്നത രൂക്ഷം. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥര്‍ പരസ്യമായി രംഗത്തെത്തി. വിഷയത്തില്‍ അതൃപ്തി അറിയിച്ച് അഗ്നിശമനസേനാ മേധാവിയായി നിയമിക്കപ്പെട്ട ലോക്‌നാഥ് ബെഹ്‌റ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി.
പരാതി പരിശോധിക്കാമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചതായും ഇക്കാര്യത്തില്‍ പ്രതീക്ഷയുണ്ടെന്നും ബെഹ്‌റ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അഗ്നിശമനസേനാ മേധാവി സ്ഥാനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച കാഡര്‍ ഡിജിപി തസ്തിക അല്ലാത്തതിനാല്‍ എഡിജിപിയുടെ ശമ്പളം മാത്രമേ ലഭിക്കൂവെന്നതാണ് ബെഹ്‌റയുടെ എതിര്‍പ്പിനു കാരണം. ഇതോടൊപ്പം, ജയില്‍മേധാവിയായി നിയമനം ലഭിച്ച ഋഷിരാജ് സിങ് ഐപിഎസ്, ഡിജിപി ജേക്കബ് തോമസ് എന്നിവരും ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
എത്രയും വേഗം ഐപിഎസ് അസോസിയേഷന്റെ യോഗം വിളിക്കണമെന്ന് ഡിജിപിമാര്‍ ഐപിഎസ് അസോസിയേഷന്‍ സെക്രട്ടറി മനോജ് എബ്രഹാമിനോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ നിയമനത്തിലെ അപാകത അസോസിയേഷന്‍ ചര്‍ച്ച ചെയ്യണമെന്നും കാഡര്‍ തസ്തിക ആയിട്ടുള്ള വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് ഇവരില്‍ മൂന്നിലൊരാളെ നിയമിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നുമാണ് ഡിജിപിമാരുടെ ആവശ്യം. ഒപ്പം, ഡിജിപിമാരുടെ നിയമനങ്ങള്‍ ചട്ടങ്ങള്‍ പാലിച്ചല്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഐപിഎസ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നത് വിന്‍സന്‍ എം പോള്‍ ആണ്. അദ്ദേഹം വിരമിച്ച സാഹചര്യത്തില്‍ പുതിയ ആളെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇതിന് സര്‍ക്കാര്‍ അമാന്തം കാണിക്കുന്നതായും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തില്‍ ഐപിഎസ് അസോസിയേഷന്റെ യോഗം ഉടനുണ്ടാവുമെന്നാണ് സൂചന.
അതേസമയം, പുതിയ നിയമനങ്ങളും സ്ഥലംമാറ്റവും സംബന്ധിച്ചുള്ള ഫയലില്‍ ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് ചീഫ് സെക്രട്ടറിയും അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയും എഴുതിച്ചേര്‍ത്തിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് ആംഡ് ബറ്റാലിയന്‍ എഡിജിപിയായിരുന്ന ഋഷിരാജ് സിങിനെ ജയില്‍ മേധാവിയായും ജയില്‍മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയെ അഗ്നിശമനസേനാ മേധാവിയായും അനില്‍കാന്തിനെ ബറ്റാലിയന്‍ എഡിജിപിയായും നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിന് പിന്നാലെ എതിര്‍പ്പുമായി ലോക്‌നാഥ് ബെഹ്‌റ രംഗത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it