ഡിജിപിക്ക് ചെന്നിത്തലയുടെ കത്ത് പോലിസുകാര്‍ക്കെതിരേ കേസെടുക്കണം

തിരുവനന്തപുരം: പത്തുവയസ്സുകാരിയെ തിയേറ്ററില്‍ പീഡിപ്പിച്ച സംഭവത്തില്‍ പരാതി കിട്ടിയിട്ടും മറച്ച് വയ്ക്കുകയും കേസെടുക്കാതിരിക്കുകയും ചെയ്ത  പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ  വകുപ്പ്തല നടപടികളും ക്രിമിനല്‍  നടപടികളും ഉടന്‍ എടുക്കണമെന്നാവശ്യപ്പെട്ട്  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല  സംസ്ഥാന പോലിസ് മേധാവിക്കും, മലപ്പുറം ജില്ലാ പോലിസ് മേധാവിക്കും കത്തു നല്‍കി.
മധ്യവയസ്‌കന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞമാസം  26ാം തിയ്യതി തിയേറ്റര്‍ ഉടമകള്‍ ചൈല്‍ഡ് ലൈന് കൈമാറുകയും, അവര്‍  ചങ്ങരംകുളം പോലിസില്‍ പരാതിയായി എഴുതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍,  ഒരു പ്രമുഖ ചാനല്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ടതിന് ശേഷം മാത്രമാണ് കേസെടുക്കാന്‍ പോലിസ് തയ്യാറായത്.  ഇതില്‍നിന്ന്  പ്രതിയും, പോലിസും തമ്മില്‍ നടത്തിയ  ഗൂഢാലോചനയുടെ ചിത്രം വ്യക്തമാണ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ സഹായം ചെയ്ത് കൊടുത്ത  സ്ത്രീയും  പോക്‌സോ ആക്ട്  സെക്ഷന്‍ 17 പ്രകാരം കുറ്റകൃത്യം  ചെയ്തിരിക്കുകയാണ്.
ഇത്രയ്ക്ക്  പ്രമാദമായ ഒരു കുറ്റകൃത്യം നടക്കുകയും, അത്  ചൈല്‍ഡ് ലൈന്‍ വഴി പോലിസില്‍ പരാതിയായി ലഭിക്കുകയും ചെയ്തിട്ട്  അതില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്ന  പോലിസ് ഉദ്യേഗസ്ഥര്‍  പോക്‌സോ ആക്ട് സെക്ഷന്‍ 21 പ്രകാരമുള്ള കുറ്റമാണ് ചെയ്തിരിക്കുന്നത്.
പോക്‌സോ ആക്ട് സെക്ഷന്‍ 7, 8, 17  പ്രകാരവും, ഐപിസി 217 പ്രകാരവും പ്രതിയുമായി ഗൂഢാലോചന നടത്തിയതിന് 120 ബി പ്രകാരവും കേസെടുത്ത് ക്രിമിനല്‍  നടപടി ക്രമത്തിന്  വിധേയമാക്കേണ്ട കുറ്റ കൃത്യങ്ങളാണ് പോലിസ്  ഉദ്യേഗസ്ഥര്‍ ചെയ്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല  കത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it