kozhikode local

ഡിഎസ്എ : രോഗനിര്‍ണയത്തിനും ചികില്‍സയ്ക്കും ഉപകരിക്കുന്ന അത്യാധുനിക സംവിധാനം



കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്ത ഡിഎസ്എ യൂനിറ്റ് രോഗനിര്‍ണയത്തിനും ചികില്‍സയ്ക്കും ഉപകരിക്കുന്ന അത്യാധുനിക സംവിധാനമാണ്. കാന്‍സര്‍ രോഗബാധയാ ല്‍ അടഞ്ഞു പോയ അന്നനാളം, വന്‍കുടല്‍ തുടങ്ങിയവയെ വികസിപ്പിച്ച് ഭക്ഷണവും വെള്ളവും കഴിക്കാവുന്ന രീതിയിലേക്ക് രോഗിയെ എത്തിക്കാന്‍ ഇതിലൂടെ കഴിയുന്നു. സാധാരണ നിലയില്‍ ചികിത്സകളൊന്നും ഇല്ലാത്ത കരളിലെ മുഴകള്‍ക്ക് ലക്ഷ്യവത്തായ കീമോ തെറാപ്പി നല്‍കി ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയും. ആന്തരിക രക്തസ്രാവം ഉണ്ടാവുന്ന സന്ദര്‍ഭങ്ങളില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയ ഒഴിവാക്കി രക്തസ്രാവം നിലനിര്‍ത്താന്‍ നൂതനമായ സാങ്കേതികത ഡി.എസ്.എ മെഷീന്‍ നല്‍കുന്നു. ഹൃദയ ധമനികളിലൊഴികെ മറ്റെവിടെയുമുള്ള രക്തക്കുഴല്‍ തടസ്സങ്ങള്‍ കണ്ടെത്താനുള്ള ആന്‍ജിയോഗ്രാമും തടസ്സം പരിഹരിക്കാനുള്ള ആന്‍ജിയോപ്ലാസ്റ്റിയും സ്‌റ്റെന്റിങ്ങും നടത്താന്‍ സഹായിക്കുന്നു. പരിക്കു മൂലമോ രോഗബാധ മൂലമോ നട്ടെല്ലിന് ഉണ്ടാവുന്ന ക്ഷതങ്ങള്‍ ബോണ്‍ സിമന്റ് ഉപയോഗിച്ച് ബലപ്പെടുത്തി രോഗിയെ നടക്കാന്‍ പര്യാപതമാക്കുന്നു. വലിയ മുഴകളുടെ ശസ്ത്രക്രിയക്ക് മുമ്പായി മുഴയിലേക്കുള്ള രക്തപ്രവാഹം നിയന്ത്രിക്കുന്ന ചികില്‍സ വഴി ശസ്ത്രക്രിയ കൃത്യതയോടെയും രക്തനഷ്ടം കൂടാതെയും ചെയ്യാന്‍ വഴി തുറക്കുന്നു. തലച്ചോറിലെ രക്തസ്രാവത്തിന്റെ കാരണങ്ങളായ രക്തക്കുഴല്‍ വീക്കം, രക്തക്കുഴലുകള്‍ കെട്ടുപിണയല്‍ എന്നിവ കൃത്യമായി ആന്‍ജിയോഗ്രാമിലൂടെ കണ്ടെത്താനും അവ ശസ്ത്രക്രിയ കൂടാതെ വിജയകരമായി കോയിലുകള്‍, മരുന്നുകള്‍ എന്നിവ ഉപയോഗിച്ച് ചികിത്സിക്കാനും സഹായിക്കുന്നു. ക്ഷയരോഗബാധ മൂലം രക്തം ചുമച്ചു തുപ്പുക, ആമാശയ രോഗങ്ങള്‍ വഴി രക്തം ഛര്‍ദിക്കുക തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള എബോളൈസേഷന്‍ ചികില്‍സ, പിത്തരസ പ്രവാഹം തടസ്സപ്പെടുന്നതു വഴിയുണ്ടാകുന്ന മഞ്ഞപ്പിത്തം പരിഹരിക്കാനുള്ള സ്‌റ്റെന്റിംഗ് ചികില്‍സ, സ്ത്രീ വന്ധ്യത പരിഹരിക്കാന്‍ ഫാലോപ്പിയല്‍ ട്യൂബിലെ തടസ്സങ്ങള്‍ നീക്കല്‍ എന്നിവ ഡിഎസ്എ യൂനിറ്റിന്റെ ഉപയോഗങ്ങളാണ്.ഗര്‍ഭാശയ മുഴകള്‍ ശസ്ത്രക്രിയ കൂടാതെ പരിഹരിക്കുക, ആന്തരിക ആവയവങ്ങളില്‍നിന്നും കൃത്യതയോടെ ബയോപ്‌സി എടുക്കുക, മുഴകളില്‍നിന്ന് നീര് കുത്തിയെടുക്കുക, രക്തയോട്ടം കുറവായ മുഴകള്‍ മരുന്നുകള്‍ നേരിട്ട് നല്‍കി ചികിത്സിക്കുക തുടങ്ങി ഒട്ടനവധി സംവിധാനങ്ങള്‍ ഇതിലൂടെ ചെയ്യാന്‍ കഴിയും. പൂര്‍ണമായും റേഡിയോളജി മെഷീനാണിത്. കൂടുതല്‍ ശരീരഭാഗം ഉള്‍പ്പെടുത്താന്‍ കഴിയും. കുറഞ്ഞ റേഡിയേഷനേയുള്ളൂ. രക്തക്കുഴലുകളുടെ ത്രിമാന ചിത്രം ലഭിക്കും. ഡിഎസ്എ മെഷീനില്‍ത്തന്നെ സിടി സ്‌കാന്‍ ചെയ്യാനും സാധിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 2014 വരെ പ്രവര്‍ത്തിച്ച ഡിഎസ്എ മെഷീന്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്നാണ് പുതിയ മെഷീന്‍ സ്ഥാപിച്ചത്.
Next Story

RELATED STORIES

Share it