Kerala

ഡിഎല്‍എഫ് ഫ്ളാറ്റ്‌ നിര്‍മാണം: നിയമലംഘനം നടന്നിട്ടില്ലെന്ന് കേന്ദ്രം; പരിസ്ഥിതി മന്ത്രാലയം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി 

ഡിഎല്‍എഫ് ഫ്ളാറ്റ്‌ നിര്‍മാണം:  നിയമലംഘനം നടന്നിട്ടില്ലെന്ന് കേന്ദ്രം; പരിസ്ഥിതി മന്ത്രാലയം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി 
X
dlf-flat

കൊച്ചി: ചെലവന്നൂരിലെ ഡിഎല്‍എഫ് ഫ്ളാറ്റ്‌ സമുച്ചയം നിര്‍മിച്ചത് തീരപരിപാലന നിയമം ലംഘിച്ചല്ലെന്നു കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ചെലവന്നൂര്‍ കായല്‍ കൈയേറി പണിത ഫ്ളാറ്റ്‌ പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ഡിഎല്‍എഫ് നല്‍കിയ അപ്പീല്‍ ഹരജിയിലാണ് കേന്ദ്രത്തിന്റെ വിശദീകരണം.
1991ലെ തീരപരിപാലന മേഖലാ വിജ്ഞാപനത്തിലെയും 2006ലെ എന്‍വയേണ്‍മെന്റല്‍ ഇംപാക്റ്റ് അസസ്‌മെന്റ് വിജ്ഞാപനത്തിലെയും വ്യവസ്ഥകള്‍ പാലിച്ചാണു നിര്‍മാണമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിലെ ഉപദേശക ഡോ. എസ് കെ സുസര്‍ള സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. തീരപരിപാലന മേഖല വിജ്ഞാപനപ്രകാരം വേലിയേറ്റ സമയത്ത് വെള്ളമെത്തുന്നിടം വരെയുള്ള ഭാഗത്തുനിന്ന് അകലം കണക്കാക്കി നിര്‍മാണാനുമതി കാര്യത്തില്‍ തീരുമാനമെടുക്കാം.
സിആര്‍ഇസഡ് മാനേജ്‌മെന്റ് പദ്ധതി നിര്‍മാണവേളയില്‍ പ്രദേശികമായ ഇളവുകള്‍ക്കും മാനദണ്ഡങ്ങളുണ്ട്. കേരള തീരപരിപാലന അതോറിറ്റി ഉപസമിതി ഡിഎല്‍എഫ് പദ്ധതിപ്രദേശം 2009 ഒക്ടോബര്‍ 29നു സന്ദര്‍ശിച്ചു. വേലിയേറ്റസമയത്തെ അതിര് നിര്‍ണയിച്ചിട്ടുള്ള സാങ്കല്‍പ്പികരേഖയില്‍ നിന്നു തീരത്തോട് ഏറ്റവുമടുത്ത് സ്ഥിതിചെയ്യുന്ന കെട്ടിടത്തിലേക്കുള്ള ദൂരം 13.5 മീറ്ററാണെന്ന് സമിതി കണ്ടെത്തി.
സാങ്കല്‍പ്പികരേഖയില്‍ നിന്ന് പുതിയ പാര്‍പ്പിട സമുച്ചയത്തിലേക്കു കുറഞ്ഞത് 13.5 മീറ്റര്‍ ദൂരമെങ്കിലും ഉണ്ടായിരിക്കണമെന്ന ശുപാര്‍ശയാണ് ഉപസമിതി മുന്നോട്ടുവച്ചത്. സംസ്ഥാന പരിസ്ഥിതി ആഘാതപഠന അതോറിറ്റി 2013 നവംബര്‍ 22നു ചേര്‍ന്ന യോഗത്തില്‍ അനുമതിക്കാര്യം ചര്‍ച്ചചെയ്തു.
ഇഐഎ വിജ്ഞാപനപ്രകാരം അനുവദനീയമായ പരിധിയിലാണു കെട്ടിടത്തിന് അനുമതി തേടിയതെന്നു വിലയിരുത്തി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു ഉപാധികളോടെ അനുമതി നല്‍കുകയായിരുന്നു. ഉപാധികള്‍ പദ്ധതിയുടമകള്‍ പൂര്‍ണമായി പാലിച്ചതിനാല്‍ ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകളൊന്നും ലംഘിക്കപ്പെട്ടിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Next Story

RELATED STORIES

Share it