ഡിഎംഡികെയ്ക്ക് സംസ്ഥാന പാര്‍ട്ടി പദവി നഷ്ടമാവും

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ നടന്‍ വിജയ്കാന്തിന്റെ ഡിഎംഡികെ (ദേശീയ മുര്‍പോക് ദ്രാവിഡ കഴകം) യ്ക്ക് സംസ്ഥാന പാര്‍ട്ടി പദവി നഷ്ടമാവും. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഴ്ചവച്ച മോശം പ്രക—ടനമാണ് സംസ്ഥാന പാര്‍ട്ടി പദവി നഷ്ടപ്പെടാന്‍ കാരണമായത്.
സംസ്ഥാന പാര്‍ട്ടി പദവിക്കാവശ്യമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുവച്ച മാനദണ്ഡമനുസരിച്ച സീറ്റുകളോ വോട്ടോ ഡിഎംഡികെയ്ക്കു ലഭിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ 2.6 ശതമാനം വോട്ടുകളാണ് പാര്‍ട്ടിക്കു ലഭിച്ചത്. പാര്‍ട്ടിയുടെ എല്ലാ സ്ഥാനാര്‍ഥികളും പരാജയപ്പെട്ടു. 2011ല്‍ 7.6 ശതമാനമായിരുന്നു പാര്‍ട്ടിയുടെ വോട്ട് വിഹിതം. പോള്‍ ചെയ്ത മൊത്തം വോട്ടിന്റെ ആറു ശതമാനമോ സഭയില്‍ കുറഞ്ഞത് രണ്ടു സീറ്റുകളോ നേടിയാല്‍ മാത്രമേ സംസ്ഥാന പാര്‍ട്ടി പദവി ലഭ്യമാവുകയുള്ളൂ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരംഗത്തെ വിജയിപ്പിക്കുകയോ ആറു ശതമാനം വോട്ട് ലഭിക്കുകയോ ചെയ്യേണ്ടതുണ്ട്. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിലും മാനദണ്ഡങ്ങള്‍ക്കനുസരിച്ച വോട്ടോ സീറ്റോ ഡിഎംഡികെയ്ക്കു ലഭിച്ചിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തില്‍ മല്‍സരിച്ച പാര്‍ട്ടി 5.1 ശതമാനം വോട്ട് നേടിയിരുന്നെങ്കിലും ഒരു സ്ഥാനാര്‍ഥിയെപ്പോലും വിജയിപ്പിക്കാനായില്ല.
മെയ് 16ലെ തിരഞ്ഞെടുപ്പില്‍ ഡിഎംകെ, ബിജെപി സഖ്യത്തിന് ശ്രമിക്കാതെ വൈക്കോ നേതൃത്വം നല്‍കിയ ജനക്ഷേമ മുന്നണിയുടെ ഭാഗമായിട്ടാണ് ഡിഎംഡികെ മല്‍സരിച്ചത്. 104 സീറ്റില്‍ മല്‍സരിച്ചെങ്കിലും എല്ലാറ്റിലും തോറ്റു. ഉലുന്തൂര്‍പേട്ട് മണ്ഡലത്തില്‍ മൂന്നാം സ്ഥാനമായിരുന്നു വിജയ്കാന്തിന്.
2006ല്‍ വൃദ്ധാചലം മണ്ഡലത്തില്‍ നിന്നാണ് വിജയ്കാന്ത് ആദ്യമായി നിയമസഭയിലെത്തിയത്. 2009ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഡിഎംഡികെ 10.1 ശതമാനം വോട്ട് നേടിയിരുന്നു. 2011ല്‍ ജയലളിതയുടെ എഐഡിഎംകെയുമായി ചേര്‍ന്ന് മല്‍സരിച്ച പാര്‍ട്ടി 29 സീറ്റ് നേടി. അന്ന് പാര്‍ട്ടി സഭയില്‍ മുഖ്യ പ്രതിപക്ഷവുമായി. പിന്നീട് 8 എംഎല്‍എമാര്‍ രാജിവച്ചതിനെതുടര്‍ന്ന് ഡിഎംഡികെയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമാ—യിരുന്നു.
Next Story

RELATED STORIES

Share it