ഡിഎംകെ സഖ്യത്തില്‍ എംഎംകെയും

ചെന്നൈ: എസ്ഡിപിഐക്ക് പിന്നാലെ മനിതനീയ മക്കള്‍ കക്ഷി (എംഎംകെ)യും കരുണാനിധിയുടെ ഡിഎംകെ സഖ്യത്തില്‍ ചേര്‍ന്നു. എം എച്ച് ജവഹറുല്ല എംഎല്‍എ നേതൃത്വം നല്‍കുന്ന എംഎംകെ കഴിഞ്ഞതവണ ജയലളിതയുടെ അണ്ണാഡിഎംകെക്കൊപ്പമായിരുന്നു. മല്‍സരിച്ച മൂന്നില്‍ രണ്ട് സീറ്റില്‍ ജയിച്ച പാര്‍ട്ടി നിലവില്‍ ജയലളിതയുടെ പല നിലപാടിനോടും യോജിക്കുന്നില്ല.
ജവാഹിറുല്ലയ്ക്ക് പുറമെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ്, ഖജാഞ്ചി റഹ്മത്തുല്ല എന്നിവരടങ്ങുന്ന സംഘമാണ് ഡിഎംകെ നേതാവ് എം കെ സ്റ്റാലിനുമായി അദ്ദേഹത്തിന്റെ വസതിയില്‍ സഖ്യചര്‍ച്ച നടത്തിയത്. സീറ്റ് ചര്‍ച്ച രണ്ടുദിവസത്തിനകം പൂര്‍ത്തിയാക്കാനാണ് നേതാക്കളുടെ ധാരണ. വിജയകാന്തിന്റെ ഡിഎംഡികെയും ടിഎംസിയും ഡിഎംകെ സഖ്യത്തില്‍ ചേരണമെന്ന് ജവാഹിറുല്ല ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ജവാഹിറുല്ല അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറയുന്നതെന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം. വിജയകാന്തിനോട് സഖ്യത്തില്‍ ചേരാന്‍ ഡിഎംകെ നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒറ്റയ്ക്ക് മല്‍സരിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ഡിഎംകെ സഖ്യത്തില്‍ ചേരാന്‍ കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയില്‍ ധാരണയായിരുന്നു. മതേതര വോട്ടുകള്‍ ഏകീകരിക്കാനാണ് ഡിഎംകെയുമായി സഖ്യമുണ്ടാക്കുന്നതെന്ന് എസ്ഡിപിഐ നേതാക്കള്‍ പ്രതികരിച്ചു. സീറ്റ് പങ്കുവയ്ക്കല്‍ ചര്‍ച്ച ദിവസങ്ങള്‍ക്കകം പൂര്‍ത്തിയാക്കുമെന്നും അവര്‍ പറഞ്ഞു.
അതേസമയം, കൂടുതല്‍ ചെറുപാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് അണ്ണാ ഡിഎംകെയും. 30ലധികം സംഘടനകളുമായും പാര്‍ട്ടികളുമായും അണ്ണാഡിഎംകെയുടെ ചെന്നൈയിലെ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച വിജയകരമായിരുന്നുവെന്ന് മുതിര്‍ന്ന നേതാവ് ഒ പന്നീര്‍ശെല്‍വം പറഞ്ഞു.
Next Story

RELATED STORIES

Share it