ernakulam local

ഡിആര്‍ഐ സെപ്ഷ്യല്‍ പ്രോസിക്യൂട്ടറെന്ന് പറഞ്ഞ് തട്ടിപ്പ്: അഭിഭാഷകന്‍ അറസ്റ്റില്‍



പറവൂര്‍: ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്റസ്(ഡിആര്‍ഐ) സെപ്്ഷ്യല്‍ പ്രോസിക്യൂട്ടറെന്ന് പറഞ്ഞ് കാറില്‍ ചുവന്ന ബീക്കണ്‍  ലൈറ്റും വ്യാജ നെയിംബോര്‍ഡും ഉപയോഗിച്ച അഭിഭാഷകനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിആര്‍ഐയുടെ പരാതിയെത്തുടര്‍ന്ന് എളന്തിക്കര ലലന നിലയത്തില്‍— അഡ്വ. എന്‍ ജെ പ്രിന്‍സിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഇന്നോവ കാറും വ്യാജ ബോര്‍ഡുകളും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. റവന്യു ഇന്റലിജന്‍സ്, എന്‍ഫോഴ്‌സ്‌മെന്റ്, ഇന്റലിജന്‍സ് ബ്യൂറോ, സ്‌പെഷ്യല്‍ ബ്രാഞ്ച,് പോലിസ് എന്നീ വിവിധ അന്വേഷണ ഏജന്‍സികളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പറവൂര്‍ കോടതിയിലെ അഭിഭാഷകനായ പ്രിന്‍സ് ഒമ്പത് മാസമായി ഡിആര്‍ഐയുടെ പ്രോസിക്യൂട്ടറെന്ന ബോര്‍ഡും ബീക്കണ്‍ ലൈറ്റും വച്ചാണ് സഞ്ചരിച്ചിരുന്നത്. സംശയം തോന്നിയതിനെത്തുടര്‍ന്ന് ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് വ്യാജ നെയിംബോര്‍ഡ് കണ്ടെത്തിയത്. തുടര്‍ന്ന് വടക്കേക്കര സിഐക്ക് പരാതി നല്‍കുകയായിരുന്നു. സിഐ മുരളിയുടെ നേതൃത്വത്തില്‍ എളന്തിക്കരയിലെ വീട്ടിലും ഓഫിസിലും റെയ്ഡ് നടത്തി. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, റവന്യൂ ഇന്റലിജന്റ്‌സ്, കേരള ആന്റ് ലക്ഷദ്വീപ്(എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) എന്ന ബോര്‍ഡാണ് ഇന്നോവ കാറിന്റെ മുന്നിലും പിന്നിലും സ്ഥാപിച്ചിരുന്നത്. ഇതേ മാതൃകയില്‍ വീടിന് മുന്നിലെ മതിലിലും ബോര്‍ഡ് വച്ചിട്ടുണ്ട്. ഇതു കൂടാതെ പറവൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിനു സമീപമുള്ള ഓഫിസിലും  പരിശോധന നടത്തി. സീനിയര്‍ അഭിഭാഷകന്‍ സി പി ഉദയഭാനുവാണ് 1996 മുതല്‍  ഡിആര്‍ഐ പ്രോസിക്യൂട്ടര്‍. ബോര്‍ഡ് വച്ച് പ്രിന്‍സ് കോടതിയിലെത്തുന്നത് ശ്രദ്ധിച്ച മറ്റ് അഭിഭാഷകര്‍ ഇക്കാര്യം ഉദയഭാനുവിനെ അറിയിച്ചു. തുടര്‍ന്ന് ഡിആര്‍ഐയ്ക്ക് വിവരം കൈമാറി. കഴിഞ്ഞ മൂന്ന് മാസമായി ഡിആര്‍ഐയുടെ നിരീക്ഷണത്തിലായിരുന്നു പ്രിന്‍സ്. ഇതിനിടെ പ്രിന്‍സിനെ അറസ്റ്റ് ചെയ്യുന്നതില്‍നിന്നും ഒഴിവാക്കാന്‍ ബിജെപിയുടെ ഉന്നത നേതാക്കള്‍ ഇടപെട്ടതായും സൂചനയുണ്ട്.— ആള്‍മാറാട്ടം, വഞ്ചന, നിയമ വിരുദ്ധമായി ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഡിആര്‍ഐയുടെ ബോര്‍ഡ് വച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് സിഐ എം കെ മുരളി പറഞ്ഞു.
Next Story

RELATED STORIES

Share it