kannur local

ഡാറ്റാ ബാങ്ക്: പരിശോധന കഴിഞ്ഞവയില്‍ ഉടന്‍ തീരുമാനം

കണ്ണൂര്‍: നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം തയ്യാറാക്കിയ ഡാറ്റാ ബാങ്കില്‍ തെറ്റായി ഉള്‍പ്പെട്ട സ്ഥലത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഴുവന്‍ പരാതികളിലും അന്വേഷണം നടത്തി അന്തിമതീരുമാനം വരെ കാത്തിരിക്കേണ്ടതില്ലെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്.
കൃഷി ഓഫിസര്‍മാര്‍ക്ക് ലഭിച്ച പരാതികളില്‍ അന്വേഷണം നടത്തി ഡാറ്റാ ബാങ്കില്‍ പെട്ടതല്ലെന്നു കണ്ടെത്തിയ കേസുകളില്‍ ഉടന്‍ പ്രാദേശികതല നിരീക്ഷണ സമിതി ചേര്‍ന്ന് പ്രമേയം പാസാക്കി തദ്ദേശസ്ഥാപനത്തിന് കൈമാറണം. സമിതിയുടെ ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വീടുനിര്‍മാണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുമായി സ്ഥലമുടമകള്‍ക്ക് മുന്നോട്ടുപോവാം. എല്ലാ അപേക്ഷകളിലും തീരുമാനമെടുത്ത ശേഷം ഗസറ്റ് വിജ്ഞാപനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മതിയെന്നും കലക്ടര്‍ വ്യക്തമാക്കി. ജില്ലയിലെ തകര്‍ന്ന കടല്‍ഭിത്തികള്‍ പുനര്‍നിര്‍മിക്കാനും കടലാക്രമണം രൂക്ഷമായ മേഖലകളില്‍ പുതുതായി ഭിത്തികള്‍ നിര്‍മിക്കാനും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം ടി വി രാജേഷ് എംഎല്‍എ അവതരിപ്പിച്ചു.
കടലാക്രമണങ്ങള്‍ ശക്തിയാര്‍ജിക്കുമ്പോഴും അവ പ്രതിരോധിക്കാനുള്ള സമഗ്രപദ്ധതികള്‍ ഉണ്ടാവുന്നില്ല. താല്‍ക്കാലികാശ്വാസമെന്നോണം അനുവദിക്കപ്പെടുന്ന പദ്ധതികള്‍ പോലും അനന്തമായി നീളുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താവം പാലത്തിന്റെ പണി പൂര്‍ത്തിയാവുന്നതുവരെ പിലാത്തറ-പാപ്പിനിശ്ശേരി റൂട്ടില്‍ ചരക്കുലോറികളുടെയും വലിയ ടൂറിസ്റ്റ് വാഹനങ്ങളുടെയും സഞ്ചാരം നിയന്ത്രിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
ജില്ലയിലെ മുഴുവന്‍ പിഎംജിഎസ്‌വൈ റോഡുകളുടെയും നിര്‍മാണ പുരോഗതിറിപോര്‍ട്ട് അടുത്ത വികസന സമിതി മുമ്പാകെ സമര്‍പ്പിക്കാന്‍ കെ സി ജോസഫ് എംഎല്‍എ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തോട്ടട-കിഴുന്നപ്പാറ റോഡ് ഉള്‍പ്പെടെയുള്ള പ്രധാന പദ്ധതികളുടെ പ്രവൃത്തികള്‍ കാലാവധി കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍  പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകള്‍, സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടം തയ്യാറാക്കുന്ന വിആര്‍ കണ്ണൂര്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ നല്‍കിയ ലാന്റ് ലൈന്‍, മൊബൈല്‍ നമ്പറുകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
അവയിലേക്ക് വരുന്ന വിളികള്‍ക്ക് ഓഫിസ് സമയങ്ങളില്‍ നിര്‍ബന്ധമായും മറുപടി നല്‍കണം.  സംസ്ഥാന സര്‍ക്കാരിന്റെ കെ-ഫോണ്‍ പദ്ധതിയുടെ ഭാഗമായി എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ജിയോ ടാഗിങ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പൂര്‍ത്തായാക്കണമെന്നും അദ്ദേഹം പറഞ്ഞു.  യോഗത്തില്‍ സണ്ണി ജോസഫ് എംഎല്‍എ, അസിസ്റ്റന്റ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ഡെപ്യൂട്ടി ഡിപിഒ കെ പി ഷാജു സംസാരിച്ചു.
Next Story

RELATED STORIES

Share it