wayanad local

ഡാറ്റാ എന്‍ട്രി പൂര്‍ത്തിയായില്ല: ജനം ദുരിതത്തില്‍

വെള്ളമുണ്ട: റീസര്‍വേ നടപടികള്‍ക്ക് ശേഷം ഭൂമി സംബന്ധിച്ച ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാവാത്തതിനാല്‍ നാട്ടുകാര്‍ ദുരിതത്തിലായി. വെള്ളമുണ്ട വില്ലേജിലെ 46 ബ്ലോക്കില്‍പെട്ട ഭൂമിയുടെ ഡാറ്റാ എന്‍ട്രിയാണ് വൈകുന്നത്. ഈ പ്രദേശത്ത്  റീസര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചുവെങ്കിലും അടിസ്ഥാന ഭൂനികുതി രജിസ്റ്ററില്‍ ഡാറ്റകള്‍ ചേര്‍ക്കാനുള്ള നടപടികള്‍ ഇതു വരെയും പൂര്‍ത്തിയായില്ല. ഇതിനാല്‍ പഴഞ്ചന, വെള്ളമുണ്ട എട്ടെനാല്‍, കട്ടയാട് വാരാമ്പറ്റ, ഒഴുക്കന്‍മൂല, മൊതകര, തുടങ്ങിയ പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് തണ്ടപ്പേര്‍ അടക്കമുള്ള  രേഖകള്‍ ലഭിക്കാതെ ദുരിതത്തിലായിരിക്കുകയാണ്. ഓണ്‍ലൈന്‍ വഴി നികുതിയുള്‍പ്പെടെയടക്കാന്‍ സൗകര്യം പിന്നീട് ലഭിക്കുമെങ്കിലും ഡാറ്റാ എന്‍ട്രിക്കായി അനാവശ്യമായ കാലതാമസം റവന്യു വകുപ്പ് വരുത്തുകയാണെന്നാണ് ആക്ഷേപം. നിലവില്‍ ഭൂമി രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ തണ്ടപ്പേര് നിര്‍ബന്ധമാണ്. വിദ്യാഭ്യാസ വായ്പകള്‍, മറ്റു ബാങ്ക് ലോണുകള്‍, സ്ഥലം വില്‍പ്പന തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളും ഒരു മാസത്തോളമായി ഈ ബ്ലോക്കില്‍ മുടങ്ങിയിരിക്കുകയാണ്. ആധാരമെഴുത്ത് ഓഫിസുകളിലും ജോലികള്‍ നടക്കാത്തിനാല്‍ ആധാരം എഴുത്തുകാരും ദുരിതത്തിലാണ്. രണ്ടാഴ്ചയെങ്കിലും കഴിഞ്ഞെങ്കില്‍ മാത്രമെ ഡാറ്റാ എന്‍ട്രി നടപടികള്‍ പൂര്‍ത്തിയാവൂ എന്നാണ് വിവരം.
Next Story

RELATED STORIES

Share it