wayanad local

ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത വയലുകള്‍ക്ക് മരണമണി

മാനന്തവാടി: കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാലാവസ്ഥയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും കുടിവെള്ള ക്ഷാമവും ചര്‍ച്ചയാവുമ്പോഴും അവശേഷിക്കുന്ന നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാനുള്ള  നടപടികളെടുക്കുന്നതിനു പകരം കൂടുതല്‍ നികത്തലുകള്‍ക്ക് ആക്കംകൂട്ടുന്ന നിയമങ്ങളുമായി സര്‍ക്കാര്‍.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ വയല്‍നികത്തല്‍ സംബന്ധിച്ച ഉത്തരവും വ്യാപകമായി ദുരുപയോഗത്തിനും അഴിമതിക്കും ഇടനല്‍കുമെന്നാണ് ആക്ഷേപം. 1980ലെ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വരുന്നതിനു മുമ്പായി നികത്തിയ പാടങ്ങളില്‍ വീട് നിര്‍മാണത്തിന് അനുമതി നല്‍കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ചുമതല നല്‍കിക്കൊണ്ടാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. നഗരപ്രദേശങ്ങളില്‍ അഞ്ചുസെന്റ് വരെയും ഗ്രാമപ്രദേശങ്ങളില്‍ 10 സെന്റ് വരെയും ഭൂമിയാണ് ഉത്തരവിന്റെ പരിധിയില്‍.
നേരത്തെ ഇത്തരം ഭൂമിയില്‍ വീട് നിര്‍മിക്കാന്‍ വില്ലേജ് ഓഫിസര്‍, കൃഷി ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങുന്ന സംഘം പരിശോധന നടത്തിയാണ് അനുമതി നല്‍കേണ്ടിയിരുന്നത്. ഇത്തരത്തില്‍ പരിശോധന നടത്തണമെന്നു നിര്‍ദേശമുള്ളപ്പോള്‍ തന്നെ അനധികൃതമായി നിരവധി നെല്‍വയലുകള്‍ നികത്തിയിട്ടുണ്ട്. റിയല്‍ എസ്‌റ്റേറ്റ് ലോബികള്‍ വയലുകള്‍ വിലയ്ക്കു വാങ്ങി അതാത് വില്ലേജില്‍ ഭൂമിയില്ലാത്ത പല ആളുകളുടെയും പേരില്‍ 10 സെന്റ് വീതം രജിസ്റ്റര്‍ ചെയ്ത് വീട് നിര്‍മാണാനുമതി നേടി മണ്ണിട്ട് നികത്തുകയായിരുന്നു. ഇങ്ങനെയാണ് വയലുകള്‍ അപ്രത്യക്ഷമായത്. ഇത്തരത്തില്‍ നികത്തിയ പല വയലുകളിലും ഇപ്പോഴും വീട് നിര്‍മിക്കാതെ കരഭൂമിയായി ഉപയോഗിക്കുന്നുണ്ട്. ഇപ്പോള്‍ നല്‍കിയ അനുമതിയുടെ മറവിലും അവശേഷിക്കുന്ന നെല്‍വയലുകളിലും മണ്ണ് വീഴുമെന്നാണ് വിലയിരുത്തല്‍.
2008ലെ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം തയ്യാറാക്കിയ ഡാറ്റാബാങ്കില്‍ നിന്നു തണ്ണീര്‍ത്തടം, വയല്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്ത ഭൂമിക്കാണ് നിലവില്‍ ഈ അനുമതിയെങ്കിലും ഡാറ്റാബാങ്കില്‍ നിരവധി വയലുകള്‍ കരഭൂമിയായതായി ആക്ഷേപമുണ്ട്. വില്ലേജ് രേഖകളില്‍ പാടം എന്നു കണ്ടെത്തിയ ഭൂമി മാത്രം പരിശോധിച്ചാണ് ഭൂരിഭാഗം വില്ലേജുകളും ഡാറ്റാബാങ്ക് തയ്യാറാക്കിയത്.
ഇതോടെ വര്‍ഷങ്ങളായി നെല്‍കൃഷി നടത്തിവന്നിരുന്നതും എന്നാല്‍, രേഖകളില്‍ പാടമല്ലാത്ത തണ്ണീര്‍ത്തടങ്ങളും വയലുകളും ഡാറ്റാബാങ്കില്‍ നിന്നു പുറത്താവുകയും പിന്നീട് ജില്ലയില്‍ റിയല്‍ എസ്‌റ്റേറ്റ് മാഫിയകള്‍ പിടിമുറുക്കിയപ്പോള്‍ ഇവ മണ്ണിട്ട് നികത്തുകയുമായിരുന്നു. 2000-2001ല്‍ നടത്തിയ സെന്‍സസ് പ്രകാരം ജില്ലയില്‍ 48,802 ഹെക്റ്റര്‍ വയലില്‍ നെല്‍കൃഷി നടത്തിയിരുന്നെങ്കില്‍ 2011 ആയപ്പോഴേക്കും ഇത് 11,054 ഹെക്റ്ററായി. അതായത് നാലിലൊന്നായി ചുരുങ്ങി. ഈ വര്‍ഷം ജില്ലയില്‍ 7,956 ഹെക്റ്ററില്‍ മാത്രമാണ് നെല്‍കൃഷി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജില്ലയില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്.
ജലസംഭരണ മാര്‍ഗമെന്ന നിലയില്‍ നെല്‍വയലുകള്‍ സംരക്ഷിക്കാന്‍ മുന്‍കൈയെടുക്കേണ്ട സര്‍ക്കാര്‍ പല കാരണങ്ങളുടെ പേരില്‍ അവശേഷിക്കുന്ന വയലുകളും അപ്രത്യക്ഷമാവുന്ന തരത്തിലുള്ള നിയമങ്ങളാണ് നടപ്പാക്കുന്നത്.
Next Story

RELATED STORIES

Share it