Flash News

ഡാര്‍ജിലിങ് ബന്ദ് തുടരുന്നു ; അംഹിംസാ സന്ദേശവുമായി സ്ത്രീ കൂട്ടായ്മ



ഡാര്‍ജിലിങ്: ഗൂര്‍ഖാലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനവാദവുമായി ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച (ജിജെഎം) ആഹ്വാനം ചെയ്ത ബന്ദ് ഡാര്‍ജിലിങില്‍ പുരോഗമിക്കുന്നു. ഒമ്പത് ദിവസങ്ങളായി കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. മെഡിക്കല്‍ ഷോപ്പുകളൊഴികെ   സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. ഡാര്‍ജിലിങിലേക്കു പ്രവേശിക്കുന്നതും തിരികെവരാനുള്ളതുമായ എല്ലാ വഴികളും പോലിസ് അടച്ചു. സുരക്ഷാസേനയെ പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ജിജെഎം പ്രമേയം പാസാക്കി. ഡാര്‍ജിലിങില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയുള്ള നക്‌സല്‍ബാരിയിലെ തേയിലത്തോട്ട തൊഴിലാളികളെ ജിജെഎം അനുഭാവികള്‍ അക്രമിച്ചതായും റിപോര്‍ട്ടുണ്ട്. നാലുദിവസമായി ഇന്റര്‍നെറ്റ് കണക്ഷന്‍ സര്‍ക്കാര്‍ വിച്ഛേദിച്ചിരിക്കുകയാണ്. ഇതു ജനാധിപത്യരീതിയിലുളള പ്രതിഷേധത്തെ അടിച്ചമര്‍ത്താനുളള ശ്രമമാണെന്ന്  വ്യത്യസ്ത രാഷ്ടീയ പാര്‍ട്ടികളുടെ  യോഗം കുറ്റപ്പെടുത്തി. പശ്ചിമബംഗാള്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം ഡാര്‍ജിലിങ് കക്ഷികള്‍ ബഹിഷ്‌കരിച്ചിട്ടുണ്ട്്. അതെസമയം, അക്രമം വെടിഞ്ഞുകൊണ്ട് ഗാന്ധിയന്‍ സമരമുറയുമായി സ്ത്രീകളുടെ കൂട്ടായ്മ പ്രതിഷേധ സമരം ആംരഭിച്ചു. അഹിംസാ രീതിയില്‍ ഗൂര്‍ഖാലാന്‍ഡിനുവേണ്ടി പോരാടാനാണ് തീരുമാനം. ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ച്  മഹിളാ കൂട്ടായ്മ പ്രകടനം നടത്തി. ഗാന്ധിജി നിരാഹരസമരം ചെയ്തതിനാലാണ് ഇന്ത്യക്ക് സ്വതന്ത്ര്യം ലഭിച്ചത്. അതിനാല്‍ അഹിംസാ മാര്‍ഗത്തിലുടെ ഗൂര്‍ഖാലാന്‍ഡിനായി  തങ്ങള്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്ന് നേതാക്കള്‍ പറഞ്ഞു. അക്രമരഹിതമാര്‍ഗം വഴി പശ്ചിമബംഗാള്‍ സംസ്ഥാനത്തില്‍ നിന്നും വേറിട്ടു പുതിയ സംസ്ഥാനമെന്ന ലക്ഷ്യം തങ്ങള്‍ നേടിയെടുക്കുമെന്ന് നേതാവ് മീനഗുരുരങ് പറഞ്ഞു. ജിജെഎം, ഗൂര്‍ഖ നാഷനല്‍ ലിബറേഷന്‍ ഫ്രന്റ്, അഖില ഭാരതീയ ഗൂര്‍ക്കാ ലീഗ് എന്നീ സംഘടനകളുടെ മഹിളാ വിഭാഗങ്ങളടങ്ങുന്നതാണ്  മഹിളാ കൂട്ടായ്മ. ജാതിമത പ്രായ വ്യത്യാസമില്ലാതെ വീട്ടമ്മമാരും വിദ്യാഥിനികളുമാണ് കൂട്ടായ്മയിലെ അംഗങ്ങള്‍. ഗൂര്‍ഖകള്‍ ആക്രമകാരികളല്ല. സമാധാനരീതിയാണ് തങ്ങളുടെ മാര്‍ഗമെന്നും അവര്‍ പറഞ്ഞു. സ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ഥികളെ ഒഴിവാക്കാന്‍ ജിജെഎം ഇളവു നല്‍കി.
Next Story

RELATED STORIES

Share it