Flash News

ഡാര്‍ജിലിങ് : ഗൂര്‍ഖാ സേന പുനരുജ്ജീവിപ്പിക്കാന്‍ ജിജെഎം



ഡാര്‍ജിലിങ്: ഡാര്‍ജിലിങ് പ്രക്ഷോഭം രൂക്ഷമായിരിക്കെ, ഗൂര്‍ഖാ സേന പുനരുജ്ജീവിപ്പിക്കാന്‍ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച (ജിജെഎം) തീരുമാനം. ഡാര്‍ജിലിങ് കുന്നുകളില്‍ 8000 പേരടങ്ങിയ സേന രൂപീകരിക്കാനാണ് നീക്കം. 2008ലെ ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭകാലത്ത് ഗൂര്‍ഖാസേന രൂപീകരിക്കാനുള്ള ആശയം മുന്നോട്ടുവച്ചത് ജിജെഎം അധ്യക്ഷന്‍ ബിമല്‍ ഗുരൂങ് ആയിരുന്നു. അക്കാലത്ത് ഡാര്‍ജിലിങിലെ മുന്‍ സൈനികരുമായും ഓഫിസര്‍മാരുമായും ഗുരൂങ് കൂടിക്കാഴ്ച നടത്തിയിരുന്നു. യുവാക്കളെ സേനയില്‍ നിയമിക്കുന്നതിന്റെ ചുമതലയേറ്റെടുക്കാനാണ് അദ്ദേഹം അവരോട് അഭ്യര്‍ഥിച്ചത്. ഗൂര്‍ഖാലാന്‍ഡ് പോലിസ് എന്നായിരുന്നു സേനയ്ക്ക് ആദ്യം പേരിട്ടിരുന്നത്. ഇതിനെതിരേ പല കോണുകളില്‍ നിന്നും എതിര്‍പ്പുയര്‍ന്നപ്പോള്‍ പേര് ഗൂര്‍ഖാലാന്‍ഡ് പേഴ്‌സനല്‍ (ജിഎല്‍പി) എന്നാക്കി മാറ്റി.എട്ടാംതരവും കായികക്ഷമതയുമാണ് ജിഎല്‍പി നിയമനത്തിനുള്ള നിബന്ധന. ഇതനുസരിച്ച് 3000ഓളം പേര്‍ ഭടന്‍മാരാവുകയും ചെയ്തു. 2009ല്‍ ജിജെഎമ്മിന്റെ ബന്ദുകള്‍ നടപ്പാക്കിയിരുന്നത് ജിഎല്‍പി ആയിരുന്നു. നാട്ടുകാര്‍ ആഴ്ചയില്‍ മൂന്നു ദിവസം പരമ്പരാഗത നേപ്പാളി വസ്ത്രങ്ങള്‍ അണിയുന്നത് ഉറപ്പാക്കുക, മദ്യം നശിപ്പിക്കുക, ഗുരൂങിനും മറ്റു ജിജെഎം നേതാക്കള്‍ക്കും സംരക്ഷണം നല്‍കുക എന്നിവയായിരുന്നു ചുമതലകള്‍. 2011ല്‍ ഗൂര്‍ഖാലാന്‍ഡ് ടെറിട്ടോറിയല്‍ അഡ്മിനിസ്‌ട്രേഷന്‍ വന്നതോടെ ജിഎല്‍പി അംഗങ്ങളില്‍ മിക്കവരും ജിജെഎമ്മിന്റെ യുവജന വിഭാഗത്തില്‍ ചേരുകയായിരുന്നു.സംസ്ഥാന സര്‍ക്കാരുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് ഇനി സമയത്തിന്റെ പ്രശ്‌നമേ ഉള്ളൂവെന്നും ജനാധിപത്യപരമായി സര്‍ക്കാരിനെ ചെറുക്കാന്‍ സേന പുനരുജ്ജീവിപ്പിക്കുകയാണെന്നും ജിഎല്‍പിയുടെ ചുമതല നേരത്തേ വഹിച്ചിരുന്ന കേണല്‍ (റിട്ട.) രമേശ് അലേയ് പറഞ്ഞു.  ജിഎല്‍പി ഏതെങ്കിലും തരത്തില്‍ ആക്രമണം നടത്തുകയില്ല. എന്നാല്‍, ജിജെഎമ്മിന് സ്വയം തയ്യാറെടുക്കേണ്ടതുണ്ട്. അലേയ് പറഞ്ഞു. ജിഎല്‍പി അംഗങ്ങളെ പോലിസില്‍ ചേര്‍ക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, അതൊന്നും നടന്നില്ല. സര്‍ക്കാരില്‍ ഇനി പ്രതീക്ഷയില്ല. കേന്ദ്രം നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.ഗുരൂങ്ങിന്റെ ഓഫിസിലും വസതിയിലും പോലിസ് റെയ്ഡ് നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് സേന പുനരുജ്ജീവിപ്പിക്കാന്‍ ജിജെഎം തീരുമാനിച്ചത്. എന്നാല്‍, സായുധ സമരത്തിനില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.ജിജെഎം വിഭജനശക്തിയാണ്, അത്തരം ശക്തിയെ വളരാന്‍ അനുവദിക്കില്ലെന്നുമായിരുന്നു ജിഎല്‍പി പുനരുജ്ജീവിപ്പിക്കാനുള്ള തീരുമാനത്തെക്കുറിച്ച് പശ്ചിമബംഗാള്‍ മന്ത്രി ഗൗതം ദേവ് പ്രതികരിച്ചത്.അതിനിടെ ശനിയാഴ്ച പോലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജിജെഎം പ്രവര്‍ത്തകന്റെ മൃതദേഹവും വഹിച്ച് ആയിരക്കണക്കിനാളുകള്‍ സെന്‍ട്രല്‍ ചൗക്ബസാറില്‍ തടിച്ചുകൂടി. ഡാര്‍ജിലിങില്‍നിന്നു സുരക്ഷാസേനയും പോലിസും പിന്‍മാറണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അക്രമത്തിനു പകരം ചര്‍ച്ച നടത്താന്‍ കേന്ദ്രമന്ത്രി രാജ്‌നാഥ്‌സിങ് പ്രക്ഷോഭകരോട് അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായും അദ്ദേഹം സംസാരിച്ചു.
Next Story

RELATED STORIES

Share it