Flash News

ഡാര്‍ജിലിങില്‍ സ്ഥിതി സ്‌ഫോടനാത്മകം : ഏറ്റുമുട്ടലില്‍ സാധാരണക്കാരന്‍ മരിച്ചു; കമാന്‍ഡര്‍ക്ക് പരിക്ക്



ഡാര്‍ജിലിങ്: ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം ആവശ്യപ്പെട്ട് ഡാര്‍ജിലിങ് കുന്നുകളില്‍ നടക്കുന്ന പ്രക്ഷോഭം സ്‌ഫോടനാത്മകമായി. പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച (ജിജെഎം) പ്രവര്‍ത്തകരും സുരക്ഷാസേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സാധാരണക്കാരന്‍ മരിച്ചതായി റിപോര്‍ട്ട്. സംഭവത്തില്‍  ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനി(ഐആര്‍ബി)ലെ അസിസ്റ്റന്റ് കമാന്‍ഡര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കിരണ്‍ തമാങിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമാങ് മരിച്ചതായി നേരത്തേ റിപോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നും മരിച്ചിട്ടില്ലെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി കൊല്‍ക്കത്തയില്‍ അറിയിച്ചു. ജിജെഎം പ്രകടനത്തിനു നേരെ പോലിസ് നടത്തിയ വെടിവയ്പില്‍ രണ്ടുപേര്‍ മരിച്ചതായി പാര്‍ട്ടി നേതാവ് ബിനയ് തമാങ് പറഞ്ഞു. എന്നാല്‍, ജിജെഎമ്മിന്റെ ആരോപണം എഡിജി (ക്രമസമാധാനം) അനൂജ് ശര്‍മ നിഷേധിച്ചു. പോലിസ് വെടിവച്ചില്ലെന്നും ജിജെഎം പ്രവര്‍ത്തകരാണ് വെടിവച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഘട്ടനം നടന്ന ഡാര്‍ജിലിങിലെ സിംഗമാരി മേഖല യുദ്ധക്കളമായി മാറി. ജിജെഎം പ്രവര്‍ത്തകര്‍ പോലിസിനു നേരെ പെട്രോള്‍ ബോംബുകളും കല്ലുമെറിഞ്ഞു. പോലിസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. സിംഗമാരിയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പ്രതിഷേധക്കാര്‍ പോലിസ് വാഹനവും കത്തിച്ചു. ജിജെഎം ആസ്ഥാനത്ത് നിന്ന് റാലി തുടങ്ങിയ പ്രവര്‍ത്തകരോട് തിരിച്ചുപോവാന്‍ പോലിസ് ആവശ്യപ്പെട്ടു. എന്നാല്‍, പ്രവര്‍ത്തകര്‍ പോലിസിനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലിസ് തിരിച്ചടിച്ചത്. ജിജെഎം എംഎല്‍എ അമര്‍റായിയുടെ മകന്‍ വിക്രംറായിയെ പോലിസ് ഡാര്‍ജിലിങില്‍നിന്നു കസ്റ്റഡിയിലെടുത്തു. പാര്‍ട്ടിയുടെ മാധ്യമവിഭാഗത്തിന്റെ ചുമതല ഇദ്ദേഹത്തിനാണ്. ജിജെഎമ്മിന്റെ മുതിര്‍ന്ന നേതാവ് ബിനയ് തമാങിന്റെ വസതി പോലിസ് റെയ്ഡ് ചെയ്തു. ഇതേതുടര്‍ന്ന് പൊതുമരാമത്ത് ഓഫിസ് കത്തിക്കാന്‍ ശ്രമം നടന്നു. അതേസമയം, ഗൂര്‍ഖാ മേഖലകളില്‍ ബന്ദ് തുടരുകയാണ്. കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്നു.
Next Story

RELATED STORIES

Share it