Flash News

ഡാര്‍ജിലിങിലേക്ക് 600 സൈനികര്‍ കൂടി



ന്യൂഡല്‍ഹി/ഡാര്‍ജിലിങ്: ഗൂര്‍ഖാ പ്രക്ഷോഭം രൂക്ഷമായ ഡാര്‍ജിലിങ് കുന്നുകളിലേക്ക് കേന്ദ്രസര്‍ക്കാര്‍ 600 അര്‍ധ സൈനികരെ കൂടി അയച്ചു. ഡാര്‍ജിലിങിലെ സ്ഥിതിഗതികളെ കുറിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാരില്‍ നിന്ന് കേന്ദ്രം റിപോര്‍ട്ട് തേടിയിട്ടുണ്ട്.200 വനിതകളടക്കമുള്ള 600 സൈനികരെയാണ് ഡാര്‍ജിലിങിലേക്കയച്ചതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.പശ്ചിമബംഗാളില്‍ നേരത്തേ വിന്യസിച്ച 400 അര്‍ധസൈനികരെ ഡാര്‍ജിലിങിലേക്ക് മാറ്റിയിട്ടുണ്ട്. ഡാര്‍ജിലിങില്‍ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച (ജിജെഎം) യുടെ അനിശ്ചിതകാല ബന്ദ് അക്രമാസക്തമായ സാഹചര്യത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിന് കേന്ദ്രം എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഡാര്‍ജിലിങിലെ സ്ഥിതിഗതികള്‍ കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഡാര്‍ജിലിങിലെ സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്നതായും സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെടുന്നതായും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അനിശ്ചിതകാല ബന്ദിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ചയും ആക്രമണമുണ്ടായി.പോലിസുകാര്‍ക്കെതിരേ ജിജെഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. സര്‍ക്കാര്‍ ഓഫിസുകള്‍, ഗൂര്‍ഖാ ലാന്‍ഡ് ടെറിറ്റോറിയല്‍ അഡ്മിനിസ്‌ട്രേഷന്‍ (ജിടിഎ) ഓഫിസുകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പ്രക്ഷോഭകര്‍ അനുവദിച്ചിട്ടില്ല. ഗൂര്‍ഖാ ലാന്‍ഡ് സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ച് നടത്തിയ മാര്‍ച്ച് തടഞ്ഞതോടെയാണ് പോലിസിനു നേരെ കല്ലേറ് ആരംഭിച്ചത്. സര്‍ക്കാര്‍ ഓഫിസുകള്‍, ജിടിഎ ഓഫിസുകള്‍ എന്നിവയ്ക്കു മുന്നിലും വനിതാ പോലിസുദ്യോഗസ്ഥരെയടക്കം വിന്യസിച്ചിട്ടുണ്ട്. കേന്ദ്രവുമായി ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച നല്ല ബന്ധത്തിലാണെന്നും അതിനാല്‍ ഗൂര്‍ഖാ ലാന്‍ഡ് സംസ്ഥാനം വേണമെന്ന ആവശ്യം അംഗീകരിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ടെന്നും ജിജെഎം അധ്യക്ഷന്‍ ബിമല്‍ ഗുരുങ് പറഞ്ഞു. ചെറു സംസ്ഥാനങ്ങള്‍ക്കു വേണ്ടി ബിജെപി നിലകൊള്ളുമെന്ന് പറഞ്ഞ ഗുരുങ് തങ്ങളുടെ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നതിനായി സൈന്യത്തെ നിയോഗിച്ച മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വിമര്‍ശിച്ചു. മമതാ ബാനര്‍ജി സര്‍ക്കാര്‍ കുന്നിന്‍ പ്രദേശങ്ങളില്‍ നിന്നു മാറി നില്‍ക്കണമെന്നും തൃണമൂലിന്റെ കാരുണ്യം തങ്ങള്‍ക്ക് ആവശ്യമില്ലെന്നും ഗുരുങ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it