ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍മാരെ ചോദ്യംചെയ്തു

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല രാജ്യദ്രോഹത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ നാലു ദിവസങ്ങളിലായി ഡല്‍ഹി സര്‍വകലാശാലയിലെ അധ്യാപകരെ പോലിസ് നിശിതമായി ചോദ്യം ചെയ്തു. സര്‍വകലാശാലയിലെ അസോഷ്യേറ്റ് പ്രഫസറും പ്രശസ്ത എഴുത്തുകാരനുമായ അലി ജാവേദിനെ അഡീഷനല്‍ പോലിസ് ഡെപ്യൂട്ടി കമ്മീഷണറാണ് പാര്‍ലമെന്റ് പോലിസ് സ്റ്റേഷനില്‍ വച്ച് ചോദ്യം ചെയ്തത്.
ഫെബ്രുവരി 10ന് പ്രസ്‌ക്ലബ്ബില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണച്ചടങ്ങില്‍ അദ്ദേഹത്തിനുള്ള പങ്കിനെക്കുറിച്ചായിരുന്നു ചോദ്യം. ചടങ്ങില്‍ പ്രസംഗിച്ച എഴുത്തുകാരനും ഡല്‍ഹി സര്‍വകലാശാലയിലെ മുന്‍ പ്രഫസറുമായ നിര്‍മലാങ്ശു മുഖര്‍ജിയേയും ഈ മാസം 14ന് പോലിസ് ചോദ്യം ചെയ്തു. അദ്ദേഹം ചെയ്ത പ്രസംഗത്തെക്കുറിച്ചായിരുന്നു പോലിസ് ആരാഞ്ഞത്. ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയ ചടങ്ങിനെപ്പറ്റി പ്രഫസര്‍മാര്‍ക്ക് നേരത്തെ അറിയാമായിരുന്നോ എന്നാണ് പോലിസ് ചോദിച്ചത്. മാത്രമല്ല, ചടങ്ങില്‍ പങ്കെടുത്തത് തന്നെ രാജ്യദ്രോഹമാണെന്നാണ് പോലിസ് പറഞ്ഞത്. രാജ്യസ്‌നേഹം തെളിയിക്കേണ്ടത് അവരുടെ ബാധ്യതയാണെന്നും പോലിസ് ചോദ്യം ചെയ്യലില്‍ അവരെ ഓര്‍മപ്പെടുത്തി. 10 മണിക്കൂറിലധികം പോലിസ് അവരെ ചോദ്യം ചെയ്തു.
ചടങ്ങ് സംഘടിപ്പിച്ച കുറ്റത്തിന് സര്‍വകലാശാലയിലെ പ്രഫസര്‍ എസ് ആര്‍ഗിലാനിയെ പോലിസ് തിങ്കളാഴ്ച തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ചടങ്ങില്‍ പങ്കെടുത്ത മുന്‍ പ്രഫസര്‍മാരായ വിജയ് സിങ്, ത്രിപ്ത വാഹി എന്നിവരോടും പോലിസ് സ്റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രഫസര്‍മാരുടെ പുസ്തകങ്ങളെക്കുറിച്ച് ആരാഞ്ഞ പോലിസ് ചടങ്ങില്‍ മഖ്ബൂല്‍ ഭട്ടിന്റെയും അഫ്‌സല്‍ ഗുരുവിന്റെയും ഫോട്ടോകള്‍ ഉപയോഗിച്ചത് തടയാതിരുന്നതെന്തുകൊണ്ടാണെന്നും ചോദിച്ചു.
അതിനിടെ, ഹാഫിസ് സഈദിന്റേതായി വന്ന ട്വിറ്റര്‍ അക്കൗണ്ടിനെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് ട്വിറ്റര്‍ഇന്ത്യ അധികൃതര്‍ക്ക് സര്‍ക്കാര്‍ കത്തയച്ചു.
Next Story

RELATED STORIES

Share it