Flash News

ഡല്‍ഹി സര്‍ക്കാരിന് ഹരിതകോടതിയുടെ വിമര്‍ശനം



ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കിയ ഒറ്റയക്ക- ഇരട്ടയക്ക സമ്പ്രദായത്തിന്റെ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നു ദേശീയ ഹരിതകോടതി. പുതിയ തീരുമാനം അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് ഉതകുമോ എന്നതിന്റെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കാനാണു കോടതിയുടെ നിര്‍ദേശം. വാഹന നിയന്ത്രണത്തിനായി നടപ്പാക്കിയ ഒറ്റയക്ക-ഇരട്ടയക്ക സമ്പ്രദായത്തിന്റെ യുക്തിയെ കോടതി ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ വിമര്‍ശിച്ചു. ഇതിനു മുമ്പു പദ്ധതി നടപ്പാക്കിയപ്പോള്‍ മലിനീകരണം എത്ര മാത്രം കുറഞ്ഞുവെന്നതിന്റെ കണക്കു സമര്‍പ്പിക്കണം. മലിനീകരണത്തില്‍ ചെറിയ കാറുകളുടെ പങ്കെന്ത്, ഡീസല്‍ വാഹനങ്ങള്‍ പെട്രോള്‍ വാഹനങ്ങളെ അപേക്ഷിച്ച് എത്രത്തോളം മലിനീകരണത്തിനു കാരണമാവുന്നു എന്നതും വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മലിനീകരണത്തില്‍ 46 ശതമാനവും ഇരുചക്ര വാഹനങ്ങള്‍ മൂലമാണെന്നിരിക്കെ ഒറ്റയക്ക-ഇരട്ടയക്ക സമ്പ്രദായത്തില്‍ നിന്ന് ഇരുചക്ര വാഹനങ്ങളെയും സ്ത്രീഡ്രൈവര്‍മാരെയും ഒഴിവാക്കിയതിനെയും കോടതി വിമര്‍ശിച്ചു. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഡല്‍ഹിയില്‍ ഈ മാസം 13 മുതല്‍ 17 വരെയാണു വാഹനങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ പൊതുഗതാഗതം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കു സൗജന്യയാത്ര ഉറപ്പാക്കി. വാഹന നിയന്ത്രണ ദിവസങ്ങളില്‍ നഗരത്തിലെവിടെയും യാത്രക്കാര്‍ക്കു ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ വാഹനങ്ങളില്‍ സൗജന്യമായി യാത്ര ചെയ്യാമെന്നു ഗതാഗതമന്ത്രി കൈലേഷ് ഗെഹ്‌ലോട്ടാണ് അറിയിച്ചത്. യാത്രാ സൗജന്യം നടപ്പാക്കുന്നതു യാത്രക്കാരെ പൊതുഗതാഗത സംവിധാനത്തിലേക്കു കൂടുതല്‍ ആകര്‍ഷിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പറഞ്ഞു. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് കീഴില്‍ 4000 ബസ്സുകളാണുള്ളത്. ഇതില്‍ 1600 എണ്ണം ക്ലസ്റ്റര്‍ ബസ്സുകളാണ്്. നഗരത്തില്‍ ദിവസവും  35 ലക്ഷം യാത്രക്കാരാണു പൊതു ഗതാഗതത്തെ ആശ്രയിക്കുന്നത്.
Next Story

RELATED STORIES

Share it