ഡല്‍ഹി സര്‍ക്കാരിനെ വിമര്‍ശിച്ച് ഹരിത കോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം തടയാന്‍ മതിയായ നടപടികള്‍ സ്വീകരിക്കാത്തതിന് സംസ്ഥാന സര്‍ക്കാരിന് ദേശീയ ഹരിത കോടതിയുടെ രൂക്ഷവിമര്‍ശനം. അന്തരീക്ഷനില ഇത്രയധികം മോശമായി നില്‍ക്കുന്ന സമയത്ത് ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മല്‍സരം സംഘടിപ്പിച്ചതും കോടതി ചോദ്യം ചെയ്തു. അന്തരീക്ഷ മലിനീകരണം സംബന്ധിച്ചു റിപോര്‍ട്ട് നല്‍കുന്നതിലും ഡല്‍ഹി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു ദേശീയ ഹരിത കോടതി ചെയര്‍മാന്‍ ജസ്റ്റിസ് സ്വതന്തര്‍കുമാര്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. റിപോര്‍ട്ട് നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നാണു ഡല്‍ഹി സര്‍ക്കാര്‍ ഇന്നലെ ആവശ്യപ്പെട്ടത്. എന്നാല്‍, 48 മണിക്കൂറിനുള്ളില്‍ റിപോര്‍ട്ടു നല്‍കണമെന്നു കോടതി നിര്‍ദേശിച്ചു. ചീഫ് സെക്രട്ടറിയും പരിസ്ഥിതി സെക്രട്ടറിയും മാറിയതു കൊണ്ടാണു റിപോര്‍ട്ടു വൈകുന്നതെന്നായിരുന്നു ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. ദിവസവും യോഗം ചേരുന്നു എന്നല്ലാതെ സര്‍ക്കാര്‍ എന്തെങ്കിലും നടപടിയെടുക്കുന്നുണ്ടോ എന്നും കോടതി ചോദിച്ചു. അന്തരീക്ഷ മലിനീകരണം എല്ലാ പരിധികളും ഭേദിച്ചു ഗുരുതരമായിരിക്കുമ്പോള്‍ സര്‍ക്കാരിന് അലംഭാവമാണ്. അന്തരീക്ഷ മലിനീകരണം വളരെ രൂക്ഷമാണെന്ന് എല്ലാ മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്തിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരു നടപടിയുമില്ല. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് ക്രിക്കറ്റ് മല്‍സരത്തില്‍ മോശം കാലാവസ്ഥയെക്കുറിച്ചു ശ്രീലങ്കന്‍ ടീം പരാതിപ്പെട്ടിരുന്നു. മുഖംമൂടിയണിഞ്ഞാണ് താരങ്ങള്‍ കളിക്കാനിറങ്ങിയത്. എന്തുകൊണ്ടാണ് ഇത്രയും മോശം കാലാവസ്ഥയില്‍ ക്രിക്കറ്റ് മല്‍സരം സംഘടിപ്പിച്ചതെന്നും കോടതി ചോദിച്ചു. നവംബര്‍ 28ന് ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന സര്‍ക്കാരുകളോട് മലിനീകരണം തടയുന്നതിനുള്ള കര്‍മപരിപാടികളുടെ റിപോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
Next Story

RELATED STORIES

Share it