ഡല്‍ഹി വാഹനനിയന്ത്രണം; രണ്ടാംഘട്ടം ഏപ്രില്‍ 15 മുതല്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വാഹന നിയന്ത്രണത്തിന്റെ രണ്ടാം ഘട്ടം ഏപ്രില്‍ 15 മുതല്‍ 30 വരെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രജിസ്‌ട്രേഷന്‍ നമ്പര്‍ ഒറ്റയോ ഇരട്ടയോ എന്നതിനനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളാണ് വാഹനങ്ങള്‍ക്ക് ഈ കാലയളവില്‍ നഗരത്തില്‍ പ്രവേശനം അനുവദിക്കുക. നിയന്ത്രണത്തില്‍നിന്ന് ഇരുചക്ര വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. വിഐപികള്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്.

തങ്ങള്‍ക്ക് കിട്ടിയ പ്രതികരണങ്ങള്‍ അനുസരിച്ച് കൂടുതല്‍ ആളുകള്‍ വാഹന നിയന്ത്രണത്തെ അനുകൂലിക്കുന്നതായാണ് മനസ്സിലാക്കുന്നതെന്ന് കെജ്‌രിവാള്‍ പറഞ്ഞു. എല്ലാ മാസവും രണ്ടാഴ്ച വീതം നിയന്ത്രണം നടപ്പാക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിച്ചു വരുകയാണെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.പൊതു ഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മൂവായിരം പുതിയ ബസ്സുകള്‍ കൂടി നിരത്തിലിറക്കാന്‍ പദ്ധതിയുള്ളതായും കെജ്‌രിവാള്‍ അറിയിച്ചു.നേരത്തേ ജനുവരി 1 മുതല്‍ 15 വരെയായിരുന്നു നിയന്ത്രണം നടപ്പാക്കിയത്.
അതേസമയം സര്‍ക്കാരിന്റെ വാഹന നിയന്ത്രണം തെറ്റായ രീതിയിലാണെന്നു കാണിച്ച് കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതിയില്‍ പൊതു താല്‍പ്പര്യ ഹരജി സമര്‍പ്പിച്ചു. മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനു പകരം വാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നടപടി തെറ്റായ പരിഹാരമാണ് നിര്‍ദേശിക്കുന്നതെന്ന് ഹരജിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it