Flash News

ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരേ സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം



ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള ഭരണപരമായ തര്‍ക്ക സംബന്ധമായ ഒരു കൂട്ടം കേസുകളില്‍ സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കല്‍ ആരംഭിച്ചു. ഇന്നലെ ആരംഭിച്ച വാദത്തിനിടെ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനമാണു സുപ്രിംകോടതി നടത്തിയത്. ഗവര്‍ണര്‍ യുക്തിപൂര്‍വമായിരിക്കണം അധികാരം പ്രയോഗിക്കേണ്ടതെന്നു സുപ്രിംകോടതി പറഞ്ഞു. ഡല്‍ഹിയില്‍ ഗവര്‍ണര്‍ക്കാണ് അധികാരമെന്നതു ശരിയാണെങ്കിലും ഫയലുകളില്‍ അടയിരിക്കുന്ന പരിപാടി ഗവര്‍ണര്‍ ചെയ്യരുതെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഓര്‍മിപ്പിച്ചു. മന്ത്രിസഭ തീരുമാനം എടുത്ത് ഗവര്‍ണര്‍ക്ക് അയച്ചുതരുന്ന പദ്ധതികളിലും നിര്‍ദേശങ്ങളിലും ഗവര്‍ണര്‍ ആലസ്യം കാണിക്കരുതെന്നു ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകനായ ഗോപാല്‍ സുബ്രഹ്മണ്യമാണു ഡല്‍ഹി സര്‍ക്കാരിനു വേണ്ടി കോടതിയില്‍ ഹാജരായത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനേക്കാള്‍ ഡല്‍ഹിയില്‍ ഗവര്‍ണര്‍ക്കാണ് അധികാരമെന്ന ഡല്‍ഹി ഹൈക്കോടതിയുടെ 2016 ആഗസ്തിലെ വിധിക്കെതിരേയാണ് എഎപി സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ ലഫ്. ഗവര്‍ണറിലൂടെ തങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it