Flash News

ഡല്‍ഹി റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ വന്‍ അഗ്നിബാധ

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപായ ഡല്‍ഹിയിലെ കാളിന്ദികുഞ്ചില്‍ വന്‍ അഗ്നിബാധ. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ്  കാളിന്ദികുഞ്ച് അഭയാര്‍ത്ഥി കോളനി അഗ്‌നിക്കിരയായത്.
അഗ്‌നിബാധയില്‍ ആളപായം ഇല്ലെങ്കിലും അമ്പതോളം കുടിലുകളുള്ള കോളനി പൂര്‍ണമായി കത്തി നശിച്ചു. ക്യാംപിന് തീവയ്ക്കുകയായിരുന്നു എന്ന് താമസക്കാരായ രോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ ആരോപിച്ചു. ഇതിന് മുമ്പ് രണ്ടു തവണ കോളനി കത്തിക്കാനുള്ള ശ്രമമുണ്ടായിരുന്നുവെന്നും അഭയാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. പുലര്‍ച്ചയോടെ തീ പടരുന്നതു കണ്ട കോളനിവാസികള്‍ പുറത്തേക്കോടിയതിനാലാണ് ആളപായം ഒഴിവായത്.
230ഓളം കുടിലുകള്‍ പൂര്‍ണമായും കത്തിനശിച്ചതോടെ അഭയാര്‍ഥി തിരിച്ചറിയല്‍ രേഖകള്‍ അടക്കം വിലപ്പെട്ട പലതും നഷ്ടപ്പെട്ടതായും അന്തേവാസികള്‍ പ്രതികരിച്ചു. എട്ടോളം അഗ്നിസേനാ വാഹനങ്ങള്‍ മണിക്കൂറുകള്‍ നടത്തിയ ശ്രമഫലമായാണ് തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കിയതെന്ന് അധികൃതര്‍ പ്രതികരിച്ചു.
മ്യാന്‍മറിലെ വംശഹത്യയില്‍ നിന്ന് രക്ഷതേടി ഇന്ത്യയിലെത്തിയ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന ക്യാംപുകളിലെ സൗകര്യങ്ങള്‍ പരിശോധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ ക്യാംപ് അഗ്‌നിക്കിരയായത് എന്നതും ശ്രദ്ധേയമാണ്. ് അഭയാര്‍ഥികളായ മുഹമ്മദ് സലീമുല്ല, മുഹമ്മദ് ശാക്കിര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചായിരുന്നു സുപ്രിംകോടതിയുടെ നടപടി.
കഴിഞ്ഞമാസം കേസ് പരിഗണിക്കുന്നതിനിടെ, ക്യാംപുകളിലെ സാഹചര്യങ്ങളെ കുറിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച്, ക്യാംപുകളിലെ അഭയാര്‍ഥികള്‍ യാതൊരു വിവേചനവും നേരിടുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാരിന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നാല്‍, റോഹിന്‍ഗ്യന്‍ വംശജര്‍ വിവിധ വിവേചനങ്ങള്‍ക്കിരയാവുന്നുണ്ടെന്നു അഭയാര്‍ഥി ക്യാംപുകളിലെ സൗകര്യങ്ങള്‍ വിശദീകരിച്ച് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.
ഇതിനു മറുപടിയായി ക്യാംപുകളിലെ സൗകര്യങ്ങള്‍ വിവരിച്ച് വീണ്ടും റിപോര്‍ട്ട് സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ്, വിശദമായ റിപോര്‍ട്ട്  നാലാഴ്ചയ്ക്കുള്ളില്‍  സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്.
Next Story

RELATED STORIES

Share it