ഡല്‍ഹി നഗരസഭാ ഉപതിരഞ്ഞെടുപ്പ് ഇന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ 13 വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഇന്നു നടക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം കോര്‍പറേഷനിലും ആവര്‍ത്തിക്കാനാണ് ആം ആദ്മി പാര്‍ട്ടി (എഎപി)യുടെ ശ്രമം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റുകള്‍ എഎപി നേടിയിരുന്നു. നഗരസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആദ്യമായാണു മല്‍സരിക്കുന്നത്. ബിജെപിയുടെ അഴിമതിയും നഗരസഭയുടെ പരിതാപകരമായ അവസ്ഥയുമാണ് പ്രചാരണത്തില്‍ പ്രധാനമായും എഎപി ഉന്നയിച്ചത്. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഭരിക്കുന്നത് ബിജെപിയാണ്. ഡല്‍ഹി നഗരസഭയുടെ പ്രധാന ജോലി ഓടകളും പാര്‍ക്കുകളും വൃത്തിയാക്കലാണെന്നും ബിജെപിക്ക് അതു കഴിഞ്ഞില്ലെങ്കില്‍ തങ്ങള്‍ അതു സാധ്യമാക്കുമെന്നും എഎപി ഡല്‍ഹി ഘടകം കണ്‍വീനര്‍ ദിലീപ് പാണ്ഡെ പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നഗരസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ രംഗത്തുണ്ടായിരുന്നില്ല.
Next Story

RELATED STORIES

Share it