ഡല്‍ഹി നഗരസഭാ ഉദ്യോഗസ്ഥന്റെ വധം: ഫോര്‍സ്റ്റാര്‍ ഹോട്ടല്‍ ഉടമയടക്കം ആറു പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ (എന്‍ഡിഎംസി) അസിസ്റ്റന്റ് നിയമോപദേഷ്ടാവ് മുഹമ്മദ് മോയിന്‍ ഖാന്റെ (57) കൊലപാതകവുമായി ബന്ധപ്പെട്ട് ഫോര്‍ സ്റ്റാര്‍ ഹോട്ടലിന്റെ ഉടമസ്ഥനെയും മറ്റ് അഞ്ചുപേരെയും പോലിസ് അറസ്റ്റ് ചെയ്തു. ഹോട്ടലിന്റെ വാടകച്ചട്ടങ്ങള്‍ സംബന്ധിച്ച അന്തിമ ഉത്തരവ് വരുന്നതിന്റെ ഒരു ദിവസം മുമ്പായിരുന്നു മോയിന്‍ ഖാന്‍ വെടിയേറ്റ് മരിച്ചത്.
കൊണാട്ട് പ്ലേസിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ ഡല്‍ഹി നഗരസഭ വാടകയ്ക്ക് കൊടുത്തതാണ്. വാടക കാലാവധി കഴിഞ്ഞതിനെതുടര്‍ന്ന് ഒഴിയാനുള്ള അഭ്യര്‍ഥന ഹോട്ടല്‍ അധികൃതര്‍ അനുസരിക്കുകയുണ്ടായില്ല. തുടര്‍ന്ന് നഗരസഭ കഴിഞ്ഞ വര്‍ഷം ഹോട്ടല്‍ മുദ്രവച്ചു.
ഇതിനെതിരേ അധികൃതര്‍ കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം ഖാനെ എസ്റ്റേറ്റ് ഓഫിസറായി നിയമിച്ചിരുന്നു. വാടക സംബന്ധിച്ച് മെയ് 17ന് അന്തിമവിധി ഖാന്‍ പുറപ്പെടുവിക്കാനിരിക്കെയാണ് അദ്ദേഹം തലേദിവസം വെടിയേറ്റ് മരിച്ചത്.
ഉത്തരവ് തനിക്കെതിരാവുമെന്ന് ഭയന്ന ഹോട്ടല്‍ ഉടമ രമേശ് കാക്കര്‍, ഖാനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് പോലിസ് സ്‌പെഷ്യല്‍ കമ്മീഷണര്‍ പി കാമരാജ് പറഞ്ഞു. ലൈസന്‍സ് ചട്ടങ്ങള്‍ ലംഘിച്ചതിന് ഹോട്ടലിന് ചുമത്തിയ 140 കോടി രൂപ പിഴ എഴുതിത്തള്ളാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നു ഖാനില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു.
കൊലപാതകം നടപ്പാക്കുന്നതിന് കാക്കര്‍ (48), രാംഫൂല്‍ (46), ഇസ്രായില്‍ (31) എന്നിവരുമായി ബന്ധപ്പെട്ടു. ഇവരും സലിം ഖാന്‍ (29), അമര്‍ ആല്‍വി (24), അന്‍വര്‍ ഉമയ്‌സ് (21), ബിലാല്‍ എന്നിവരും ചേര്‍ന്നാണ് കൊല നടപ്പാക്കിയത്. രണ്ടു ലക്ഷം രൂപയാണ് കൊലപാതകം നടപ്പാക്കുന്നതിന് പ്രതിഫലം ഉറപ്പിച്ചത്. ഇതില്‍ അരലക്ഷം മുന്‍കൂര്‍ നല്‍കി.
പ്രതികളില്‍ ബിലാലിനെ പിടികൂടാന്‍ പോലിസിനു കഴിഞ്ഞിട്ടില്ല. ഹോട്ടലുടമ കോഴ വാഗ്ദാനം ചെയ്തിരുന്നതായും ആരോപണമുണ്ട്.
Next Story

RELATED STORIES

Share it