Flash News

ഡല്‍ഹി: അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയില്‍



ന്യൂഡല്‍ഹി: ഡല്‍ഹി ദേശീയ തലസ്ഥാനപ്രദേശത്ത് അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയില്‍. നഗരത്തില്‍ അന്തരീക്ഷമാലിന്യ സാന്ദ്രത വളരെയധികം ഉയര്‍ന്നതായും വായുവിന്റെ നിലവാരം ഏറ്റവും മോശം നിലയിലെത്തിയതായും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. മലിനീകരണം രൂക്ഷമായതോടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കരുതെന്നും ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ഐഎംഎ നിര്‍ദേശിച്ചു. നഗരത്തിലെ സ്‌കൂളുകള്‍ ഏതാനും ദിവസം അടച്ചിടാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി മനീഷ് സിസോദിയയോട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അഭ്യര്‍ഥിച്ചു. കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് നഗരത്തില്‍ 200 മീറ്റര്‍ ദൂരത്തിനുള്ളില്‍ വരെ കാഴ്ച നഷ്ടപ്പെട്ടു. പുകമഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ അടച്ചു. 20ഓളം വിമാനങ്ങള്‍ വൈകി. റെയില്‍ ഗതാഗതത്തെയും വായുമലിനീകരണം ബാധിച്ചു. 12 ട്രെയിനുകള്‍ വൈകി. അന്തരീക്ഷനിലവാര സൂചികയില്‍ വായുവിലെ മലിനീകരണത്തിന്റെ തോത് ഇന്നലെ 400 രേഖപ്പെടുത്തി. ദീപാവലി സമയത്തായിരുന്നു ഇതിനു മുമ്പ് ഇത്രയും ഉയര്‍ന്ന മലിനീകരണത്തോത് രേഖപ്പെടുത്തിയത്. ഈ മാസം 19ന് നടത്തുന്ന മാരത്തണ്‍ മാറ്റിവയ്ക്കണമെന്നും കായികപരിശീലനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. മലിനീകരണത്തിനെതിരേ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന സര്‍ക്കാരുകളോട് ഡല്‍ഹി ഹൈക്കോടതി വിശദീകരണം തേടി. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് ദേശീയ ഹരിതകോടതിയും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിസന്ധി നേരിടാന്‍ മുന്‍കൂട്ടി തയ്യാറെടുക്കാത്തതിന് സംസ്ഥാനങ്ങളെ ഹരിതകോടതി ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ വിമര്‍ശിച്ചു. മലിനീകരണത്തെ തുടര്‍ന്ന് നഗരത്തിലെ സിഐഎസ്എഫുകാര്‍ക്ക് 9000 മാസ്‌ക്കുകള്‍ നല്‍കി. ഡല്‍ഹി വിമാനത്താവളത്തിലും മെട്രോയിലും വിന്യസിച്ച ഭടന്‍മാര്‍ക്കാണ് സിഐഎസ്എഫ് മാസ്‌ക്കുകള്‍ വിതരണം ചെയ്തത്. അതേസമയം, വാഹനങ്ങള്‍ പുറത്തിറക്കുന്നത് കുറയ്ക്കുക ലക്ഷ്യമിട്ട് നഗരത്തിലെ പാര്‍ക്കിങ് നിരക്കുകള്‍ വര്‍ധിപ്പിച്ചു. അന്തരീക്ഷ മലിനീകരണം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി സുപ്രിംകോടതി നിയോഗിച്ച സമിതിയുടേതാണ് തീരുമാനം.
Next Story

RELATED STORIES

Share it