ഡല്‍ഹിയില്‍ ശ്വാസകോശ രോഗികള്‍ വര്‍ധിക്കുന്നു

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം മൂര്‍ച്ഛിച്ചതിനാല്‍ ഡല്‍ഹി നഗരത്തില്‍ ശ്വാസകോശ രോഗികള്‍ വര്‍ധിക്കുന്നു. ആസ്ത്മ, ബ്രോങ്കൈറ്റിസ്, ശ്വാസതടസ്സം തുടങ്ങിയ രോഗങ്ങളുമായി നഗരത്തിലെ ആശുപത്രികളില്‍ ചികില്‍സ തേടി എത്തുന്നവരുടെ എണ്ണത്തില്‍ വന്‍തോതില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. പുകയും മൂടല്‍മഞ്ഞും ചേര്‍ന്ന മിശ്രിത (സ്‌മോഗ്)ത്തിന്റെ അളവ് അന്തരീക്ഷത്തില്‍ വര്‍ധിച്ചതാണ് രോഗങ്ങള്‍ കൂടാനുള്ള പ്രധാന കാരണമെന്ന് സഫ്ദര്‍ജങ് ആശുപത്രിയിലെ ഡോക്ടര്‍ ജെ സി സൂരി പറഞ്ഞു. കഫക്കെട്ട്, ജലദോഷം, തൊണ്ടയടപ്പ് തുടങ്ങിയ അസുഖങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിലും വര്‍ധനയുള്ളതായി സൂരി അറിയിച്ചു. ദീര്‍ഘകാലം തുടരുന്ന കഫക്കെട്ടും ശ്വാസതടസ്സവും അനുഭവിക്കുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ട്. ഇത്തരം രോഗികളുടെ ആരോഗ്യനില മലിനീകരണം വര്‍ധിച്ചതിനെതുടര്‍ന്ന് കൂടുതല്‍ വഷളാവുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
മലിനീകരണത്തിന്റെ തോത് കൂടുതലായ സമയത്ത് പുറത്തിറങ്ങരുതെന്ന് ഇത്തരം രോഗികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡല്‍ഹിയിലെ വായു മലിനീകരണ നിരക്ക് ഏഴു മടങ്ങ് വര്‍ധിച്ചതായി ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയണ്‍മെന്റിലെ (സിഎസ്ഇ) വിദഗ്ധര്‍ അറിയിച്ചു. കുട്ടികളും പ്രായമായവരുമാണ് വായു മലിനീകരണത്തിന്റെ പ്രധാന ഇരകളെന്ന് ശ്വാസകോശരോഗ വിദഗ്ധനായ ഡോ. അരവിന്ദ് കുമാര്‍ പറഞ്ഞു. ഹൃദ്രോഗങ്ങളും ധമനി സംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it