ഡല്‍ഹിയില്‍ ലീഗിന്റെ രാഷ്ട്രീയ നാടകം

മധ്യമാര്‍ഗം പരമു

ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് കടുത്ത നിരാശയിലാണ്. എത്ര ശ്രമിച്ചിട്ടും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണി നേരെയാവാത്തതിലാണ് അവര്‍ക്ക് വേവലാതി. മുന്നണിയിലെ പ്രധാന ഘടകകക്ഷി എന്ന നിലയില്‍ ലീഗ് ഉന്നയിക്കുന്ന നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നായിരുന്നു അവരുടെ മുഖ്യ പരാതി. അഞ്ചുവര്‍ഷം പ്രതിപക്ഷത്തും അഞ്ചുവര്‍ഷം ഭരണപക്ഷത്തും ഇരിക്കുക എന്നതാണ് ലീഗിന്റെ സമീപകാല ചരിത്രം.
എന്നാല്‍, ഇക്കുറി ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തുടര്‍ച്ച ഉണ്ടാക്കുമോ എന്നതു തന്നെയാണ് ലീഗിന്റെ ഭയം. അഞ്ചുവര്‍ഷം കഴിഞ്ഞ് അധികാരം കിട്ടിയില്ലെങ്കില്‍ ലീഗിന്റെ നിലനില്‍പ്പു തന്നെ പ്രശ്‌നത്തിലാവും. അണികളെ പിടിച്ചുനിര്‍ത്താന്‍ ബുദ്ധിമുട്ടാവും. പൊതുവില്‍ സംസ്ഥാനത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങളില്‍ ഒരുവിഭാഗം ഇടതുമുന്നണിയോട് അനുഭാവം പ്രകടിപ്പിക്കുന്നത് ലീഗിന് തലവേദനയായിട്ടുണ്ട്. പിണറായി സര്‍ക്കാരിനെതിരേയുള്ള പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തീരെ ഫലം കാണുന്നില്ലെന്നതാണ് ലീഗിന്റെ വിലയിരുത്തല്‍. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ തോല്‍വിക്കുശേഷം പാണക്കാട്ട് നടന്ന ലീഗിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മാണി കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിയുമായി സഹകരിക്കാതിരുന്നത് തങ്ങളുടെ സമര്‍ഥമായ നീക്കങ്ങള്‍ കാരണമാണെന്ന് യോഗം വിലയിരുത്തി. ഐക്യജനാധിപത്യ മുന്നണി ഏകോപന സമിതി സജീവമാക്കാനും ലീഗ് മുന്നിട്ടിറങ്ങുകയാണ്. കേരളാ കോണ്‍ഗ്രസ്സിന് ഒരു രാജ്യസഭാ സീറ്റ് നല്‍കി സന്തോഷിപ്പിക്കാനുള്ള ശ്രമം വിജയം കണ്ടു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി തന്നെയാണ് ഇതിനൊക്കെ മുന്‍കൈയെടുത്തത്. ഫലത്തില്‍ കോണ്‍ഗ്രസ്-ലീഗ് സഖ്യം മാത്രമാണ് കേരളത്തിലെ പ്രതിപക്ഷം. ജനതാദള്‍ യു, മാണി കേരളാ കോണ്‍ഗ്രസ് എന്നീ ഘടക കക്ഷികള്‍ മുന്നണിയില്‍നിന്ന് വിട്ടുപോയപ്പോള്‍ വലിയ ക്ഷീണം സംഭവിച്ചത് ലീഗ് കണക്കിലെടുക്കുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു മുമ്പായി മാണി കേരളാ കോണ്‍ഗ്രസ്സിനെ പ്രതിപക്ഷ മുന്നണിയുമായി അടുപ്പിക്കാന്‍ കഴിഞ്ഞത് രാഷ്ട്രീയ വിജയമായാണ് ലീഗ് കണക്കാക്കുന്നത്. തിരഞ്ഞെടുപ്പില്‍ മാണി കേരളാ കോണ്‍ഗ്രസ് ഒപ്പമുണ്ടായിട്ടും ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നതില്‍ ലീഗിന് അതൃപ്തിയുണ്ട്. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സംഘടനാസംവിധാനം തകര്‍ന്നത് ആദ്യമായി ചൂണ്ടിക്കാണിച്ചത് ലീഗായിരുന്നുവത്രേ. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനു പുല്ലുവില കല്‍പിച്ചില്ല. മുസ്‌ലിം വോട്ടുകള്‍ മണ്ഡലത്തില്‍ ചോര്‍ന്നതും സംഘടനാദൗര്‍ബല്യമായി വിലയിരുത്തുന്നു.
രാജ്യസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസ്സില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലീഗിന്റെ ഡല്‍ഹി രാഷ്ട്രീയനാടകം അരങ്ങേറിയത് എന്നതു ശ്രദ്ധേയമാണ്. മുന്നണിയില്‍ അംഗമല്ലാത്ത മാണി കേരളാ കോണ്‍ഗ്രസ്സിന് ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കൊടുക്കണമെന്ന ലീഗിന്റെ ആവശ്യമാണു വിജയിച്ചത്. ഇതിന്റെ പേരില്‍ രാഷ്ട്രീയ ചര്‍ച്ചകളും വിലപേശലുകളും നടത്തി കേരളാ കോണ്‍ഗ്രസ്സിനെ മുന്നണിയിലേക്കു തിരിച്ചുകൊണ്ടുവരുകയായിരുന്നു ലീഗിന്റെ തന്ത്രം. യുഡിഎഫ് കണ്‍വീനറെ മാറ്റണമെന്ന് ലീഗ് നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. തങ്ങള്‍ക്ക് എന്തുകൊണ്ട് കണ്‍വീനര്‍സ്ഥാനം തരുന്നില്ലെന്ന ചോദ്യവും കോണ്‍ഗ്രസ് നേതൃത്വത്തോട് ലീഗ് ചോദിച്ചിട്ടുണ്ട്. നിയമസഭയില്‍ കോണ്‍ഗ്രസ്സിനേക്കാള്‍ നാല് സീറ്റിന്റെ കുറവേ മുന്നണിയിലെ രണ്ടാമത്തെ ഘടകകക്ഷിയായ ലീഗിനുള്ളൂ. അപ്രതീക്ഷിതമായി ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ മുന്നണിക്ക് പലതരത്തിലും ഉപകാരപ്രദമാവുമെന്നാണു വിലയിരുത്തല്‍. ഘടകകക്ഷികളെ കോണ്‍ഗ്രസ് വിശ്വാസത്തിലെടുക്കുന്നില്ലെന്ന നിരന്തരമായ പരാതിക്ക് പരിഹാരം കാണാനായിരുന്നു വാസ്തവത്തില്‍ ഈ ചര്‍ച്ച. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ കേരളത്തിലെ സംഘടനാ ദൗര്‍ബല്യങ്ങള്‍ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശ്യവും കുഞ്ഞാലിക്കുട്ടിക്കുണ്ടായിരുന്നു. ലീഗിന്റെ നീക്കങ്ങള്‍ വാസ്തവത്തില്‍ ഒരു പരിധിവരെ വിജയത്തിലെത്തി.
ലീഗിനെ സംബന്ധിച്ച് ഉമ്മന്‍ചാണ്ടി ദേശീയതലത്തിലേക്കു പോയതാണ് വലിയ പ്രശ്‌നമായി മുന്നോട്ടുവയ്ക്കുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരെ മുന്നില്‍ നിര്‍ത്തി യാണ് തിരഞ്ഞെടുപ്പിനെ നേരിടുക എന്ന കാര്യം ലീഗ് ചോദിക്കുന്നു. കേരളത്തില്‍ ജനസമ്മതിയുള്ള ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ മാത്രമേ വിജയം കൈവരിക്കാന്‍ കഴിയുകയുള്ളു എന്ന് ലീഗ് നേതൃത്വം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴേ തുടങ്ങണമെന്ന നിര്‍ദേശവും ലീഗ് മുന്നോട്ടുവയ്ക്കുന്നു. പ്രതിപക്ഷ മുന്നണി ശക്തിപ്പെടുത്താനും വിപുലപ്പെടുത്താനും ആത്മാര്‍ഥമായി ലീഗ് പരിശ്രമിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വം ഗൗരവമായി കണക്കിലെടുത്തിട്ടില്ല. പാര്‍ട്ടി തര്‍ക്കങ്ങള്‍ക്കിടയില്‍ മുന്നണിപ്രശ്‌നങ്ങള്‍ ഗൗരവത്തിലെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എവിടെ സമയം? ി
Next Story

RELATED STORIES

Share it