ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ്; 200ലേറെ വിമാന സര്‍വീസുകളെ ബാധിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂടല്‍മഞ്ഞ് 200ലധികം വിമാന സര്‍വീസുകളെ ബാധിച്ചു. വിമാനത്താവളത്തിലേക്ക് വരുന്നതും പോവുന്നതുമായ 150 വിമാനങ്ങള്‍ വൈകുകയും 50 എണ്ണം വഴിതിരിച്ചുവിടുകയും 20 എണ്ണം റദ്ദ് ചെയ്യുകയും ചെയ്തു. ഇന്നലെ രാവിലെ 7.30 മുതല്‍ 11 വരെ ഒരു വിമാനവും ഡല്‍ഹിയില്‍ നിന്നു പുറപ്പെട്ടില്ല. വിമാനം പുറപ്പെടാന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ കാഴ്ചാപരിധി 125 മീറ്ററാണ്. എന്നാല്‍, ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ മൂടല്‍മഞ്ഞ് കാരണം 50 മീറ്റര്‍ അകലെ നിന്നു മാത്രമേ ദൃശ്യങ്ങള്‍ വ്യക്തമായിരുന്നുള്ളൂ. ഈ വര്‍ഷത്തെ ഏറ്റവും മോശമായ കാലാവസ്ഥയാണ് ഡല്‍ഹിയിലേതെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ആര്‍ കെ ജനമണി പറഞ്ഞു.
മൂടല്‍മഞ്ഞ് മാറാന്‍ യാത്രക്കാര്‍ ആറു മണിക്കൂര്‍ കാത്തിരിക്കേണ്ടിവന്നു. ഉച്ചയോടെ കാഴ്ചാപരിധി 2,000 മീറ്ററിനു മുകളിലായ ശേഷമാണ് സര്‍വീസുകള്‍ പുനരാരംഭിച്ചത്.
Next Story

RELATED STORIES

Share it