Flash News

ഡല്‍ഹിയില്‍ നഴ്‌സുമാരുടെ മിന്നല്‍പ്പണിമുടക്ക്



ന്യൂഡല്‍ഹി: നഴ്‌സുമാര്‍ക്കെതിരേയുള്ള തൊഴില്‍ചൂഷണം ചോദ്യംചെയ്തതിന്റെ പേരില്‍ ജോലിയില്‍ നിന്നു പിരിച്ചുവിട്ട മലയാളി നഴ്‌സ് ആത്മഹത്യക്കു ശ്രമിച്ചു. ഡല്‍ഹിയിലെ ഐഎല്‍ബിഎസ് ആശുപത്രിയിലെ നഴ്‌സാണ് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെ ശുചിമുറിയില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. ഇതിനു പിന്നാലെ, ആശുപത്രി മാനേജ്‌മെന്റിനെതിരേ നഴ്‌സുമാര്‍ മിന്നല്‍പ്പണിമുടക്കു നടത്തി. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ്  ഡല്‍ഹി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലിവര്‍ ആന്റ് ബൈലറി സയന്‍സസ് ആശുപത്രിയില്‍ മലയാളി നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ചത്. കൈഞരമ്പ് മുറിച്ച ആലപ്പുഴ സ്വദേശിനിയായ നഴ്‌സിനെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് ഐഎല്‍ബിഎസ് ആശുപത്രിയില്‍ നഴ്‌സുമാരുടെ പ്രതിഷേധം തുടരുകയാണ്. ആത്മഹത്യക്കു ശ്രമിച്ച നഴ്‌സിനെ തിരിച്ചെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇത് അംഗീകരിക്കാതെ സമരത്തില്‍ നിന്നു പിന്നോട്ടില്ലെന്നാണു നഴ്‌സുമാര്‍ പറയുന്നത്. അതേസമയം ഡ്യൂട്ടിക്കെത്തിയ മലയാളി നഴ്‌സുമാരെ ആശുപത്രി അധികൃതര്‍ തടഞ്ഞുവച്ചുവെന്ന് ആരോപണം ഉയര്‍ന്നു. പണിമുടക്കുന്ന നഴ്‌സുമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമെന്നു ഭയന്നാണ് ആശുപത്രി അധികൃതര്‍ തടഞ്ഞുവച്ചതെന്നാണു നഴ്‌സുമാര്‍ വ്യക്തമാക്കിയത്. നേരത്തെ നഴ്‌സുമാരുടെ തൊഴില്‍ പീഡനത്തിനെതിരേയുള്ള സമരത്തിനു നേതൃത്വം നല്‍കിയ വ്യക്തിയാണ് ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്‌സ്. ആശുപത്രിക്കെതിരേ ഡല്‍ഹി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ നഴ്‌സ് പരാതിയും നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it