ഡല്‍ഹിയില്‍ ഡീസല്‍ കാറുകള്‍ക്കുള്ള നിയന്ത്രണം സുപ്രിംകോടതി ശരിവച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 2000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം സുപ്രിംകോടതി ശരിവച്ചു. വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ രജിസ്‌ട്രേഷന്‍ നിരോധനം പിന്‍വലിക്കണമെന്ന കാര്‍ നിര്‍മാതാക്കളുടെ ആവശ്യം സുപ്രിംകോടതി തള്ളി. ഹരജിയിന്‍മേല്‍ വാദം തുടരും. പെട്രോള്‍ വാഹനങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണത്തേക്കാള്‍ കുറവാണ് 2000 സിസിക്ക് മുകളിലുള്ള വാഹനങ്ങള്‍ ഉണ്ടാക്കുന്നതെന്നായിരുന്നു നിര്‍മാതാക്കളുടെ വാദം. എന്നാല്‍ ഈ വാദം കോടതി തള്ളി. മഹീന്ദ്ര, മെഴ്‌സിഡസ് ബെന്‍സ്, ടൊയോട്ട തുടങ്ങിയവരായിരുന്നു ഹരജിക്കാര്‍.
തങ്ങളുടെ കാറുകള്‍ കൂടുതല്‍ പരിസ്ഥിതിമലിനീകരണം ഉണ്ടാക്കുന്നില്ലെന്ന് ടൊയോട്ട, മഹീന്ദ്ര ആന്റ് മഹീന്ദ്ര, മെര്‍സിഡസ് കമ്പനികള്‍ അവകാശപ്പെട്ടു. എന്നാല്‍, നിങ്ങളുടെ കാറുകളില്‍ നിന്ന് ഓക്‌സിജന്‍ ആണോ പുറന്തള്ളുന്നതെന്നായിരുന്നു ഇതിനു കോടതിയുടെ മറുചോദ്യം. പെട്രോള്‍ കാറുകളേക്കാള്‍ ഡീസല്‍ കാറുകള്‍ മലിനീകരണം കുറച്ചേ ഉണ്ടാക്കുന്നുള്ളൂവെന്ന കാര്‍ കമ്പനികളുടെ വാദത്തിന് തെളിവ് ഹാജരാക്കണമെന്നു കോടതി നിര്‍ദേശിച്ചു. 2016 മാര്‍ച്ച് 31വരെ 2,000 സിസിക്ക് മുകളിലുള്ള ഡീസല്‍ കാറുകളുടെ രജിസ്‌ട്രേഷന്‍് ഡിസംബര്‍ 16ന് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് നിരോധിച്ചിരുന്നു.
ഡീസല്‍ എസ്‌യുവികളും ആഡംബര കാറുകളുമാണു പ്രധാനമായും നിരോധനത്തിന്റെ പരിധിയില്‍ വരിക. 2005നു മുമ്പുള്ള ട്രക്കുകളെല്ലാം നിരോധിച്ചിരുന്നു. ഡല്‍ഹിക്കു പുറത്തുനിന്നുള്ള വാണിജ്യ വാഹനങ്ങള്‍ ദേശീയപാത എട്ടിലൂടെയും ഒന്നിലൂടെയും നഗരത്തില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു.
ലോകത്തെ ഏറ്റവും കൂടുതല്‍ പരിസ്ഥിതി മലിനീകരണമുള്ള നഗരമായി ഡല്‍ഹി മാറിയ സാഹചര്യത്തിലാണ് സര്‍ക്കാരും കോടതിയും കടുത്ത നടപടികള്‍ ആരംഭിച്ചത്. ഡല്‍ഹിയിലെ എല്ലാ ടാക്‌സികളും 2016 മാര്‍ച്ച് 31നു മുമ്പ് ഗ്യാസിലേക്ക് (സിഎന്‍ജി) മാറണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. 10വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും 16 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും എന്‍.ഒ.സി. നല്‍കരുതെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
ചീഫ് ജസ്റ്റിസിനു പുറമെ, ജസ്റ്റിസുമാരായ എകെ സിക്രി, ആര്‍ ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ടൊയോട്ട കമ്പനിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കോടതിയില്‍ ഹാജരായത്.
Next Story

RELATED STORIES

Share it