ഡല്‍ഹിയിലെ മലിനീകരണം; വാഹന നിയന്ത്രണം രണ്ടു ദിവസം പിന്നിട്ടു

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് മലിനീകരണം നിയന്ത്രിക്കുന്നതിനായി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന വാഹന നിയന്ത്രണം രണ്ടുദിവസം പിന്നിട്ടു. ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്കായിരുന്നു ഇന്നലെ റോഡിലിറങ്ങാന്‍ അനുമതി ഉണ്ടായിരുന്നത്. ഒറ്റയക്കത്തില്‍ അവസാനിക്കുന്ന നമ്പര്‍ കാറുള്ള ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്നലെ ഓഫിസിലെത്തിയത് സൈക്കിളിലായിരുന്നു. ഇന്നലെ രാവിലെ 8.30ഓടെ റേഡിയോ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഓള്‍ ഇന്ത്യ റേഡിയോയുടെ ഡല്‍ഹി ഓഫിസിലേക്ക് സൈക്കിളിലാണ് മനീഷ് സിസോദിയ എത്തിയത്. പിന്നീട് ഡല്‍ഹി സെക്രട്ടേറിയറ്റിലെ തന്റെ ഓഫിസിലേക്കു പോവുകയായിരുന്നു.
അതേസമയം, ഇപ്പോള്‍ നടപ്പാക്കുന്ന വാഹന നിയന്ത്രണംകൊണ്ടു മാത്രം അന്തരീക്ഷ മലിനീകരണത്തിനു കാര്യമായ പുരോഗതി ഉണ്ടാക്കാനാവില്ലെന്നാണ് റിപോര്‍ട്ട്. നിലവില്‍ രാത്രി എട്ടുമണിവരെയാണു വാഹനനിയന്ത്രണം. രാത്രി 10മണിക്കു ശേഷം മാത്രം നഗരത്തില്‍ പ്രവേശിക്കാന്‍ അനുമതിയുള്ള വലിയ ട്രക്കുകള്‍ ഡല്‍ഹിയില്‍ ഉണ്ടാക്കുന്നത് വന്‍ പരിസ്ഥിതിമലിനീകരണമാണ്.രണ്ടാം ദിവസമായ ഇന്നലെയും ഡല്‍ഹിയില്‍, സെന്‍ട്രല്‍ ഡല്‍ഹിയിലെ പ്രധാന റോഡുകളിലടക്കം നിരവധി നിയമലംഘനങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. നിയമലംഘനങ്ങള്‍ നിരീക്ഷിക്കാനായി കൂടുതല്‍ സന്നദ്ധസേവകരെയും ട്രാഫിക് പോലിസ് ഉദ്യോഗസ്ഥരെയും ഇന്നലെയും ഡല്‍ഹിയുടെ നിരത്തുകളില്‍ നിയമിച്ചിരുന്നു.
വാഹനനിയന്ത്രണം ജനുവരി 15 വരെയാണ്. അടിയന്തര സേവനങ്ങള്‍ക്കുള്ള വാഹനങ്ങള്‍, 12 വയസ്സുവരെ പ്രായമുള്ള കുട്ടികളുമായി തനിയെ ഡ്രൈവ് ചെയ്തു പോവുന്ന സ്ത്രീകളുടെ വാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍, സിഎന്‍ജി വാഹനങ്ങള്‍ എന്നിവയടക്കം 25ഓളം വിഭാഗങ്ങളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റു ദിവസങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ രാവിലെ 8മണി മുതല്‍ രണ്ടുമണിവരെ മലിനീകരണത്തില്‍ 10 ശതമാനത്തിന്റെ കുറവുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it