ഡല്‍ഹിയിലെ അധികാരത്തര്‍ക്കംഹരജികളില്‍ അടുത്തയാഴ്ച വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരും തമ്മിലുള്ള അധികാരത്തര്‍ക്കം വീണ്ടും സുപ്രിംകോടതിയിലേക്ക്. ഡല്‍ഹി സംസ്ഥാനത്തിന്റെ യഥാര്‍ഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്ന് കോടതിയുടെ ഭരണഘടനാ ബെഞ്ച് കഴിഞ്ഞയാഴ്ച ഉത്തരവിട്ടെങ്കിലും സംസ്ഥാനത്തെ ഉദ്യോഗസ്ഥനിയമനം അടക്കമുള്ള വിഷയങ്ങളില്‍ ലഫ്. ഗവര്‍ണറുമായുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് എഎപി സര്‍ക്കാര്‍ വീണ്ടും സുപ്രിംകോടതിയെ സമീപിച്ചത്. കേസ് ഇന്നലെ തന്നെ പരിഗണിക്കണമെന്ന എഎപിയുടെ വാദം തള്ളിയ കോടതി, അടുത്തയാഴ്ച വിഷയത്തില്‍ വാദം കേള്‍ക്കാമെന്നറിയിച്ചു.
ലഫ്റ്റനന്റ് ഗവര്‍ണറുടെ പദവി ഗവര്‍ണര്‍ക്കു തുല്യമല്ലെന്നും എല്ലാറ്റിനും ഗവര്‍ണറുടെ അനുമതി വേണ്ടെന്നും മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ക്കും ബാധ്യതയുണ്ടെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതു പൂര്‍ണമായും അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിക്കുന്ന ലഫ്. ഗവര്‍ണര്‍ തയ്യാറായില്ല.
പോലിസ്, ഭൂമി, പൊതു ഉത്തരവുകള്‍ എന്നിവ ഒഴികെയുള്ള വിഷയങ്ങളിലെല്ലാം തീരുമാനമെടുക്കാനുള്ള അധികാരം തങ്ങള്‍ക്കാണെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നതെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, തര്‍ക്കവിഷയങ്ങളിലെല്ലാം തീരുമാനം സുപ്രിംകോടതി രണ്ടംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടെന്നാണ്  കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായ ലഫ്. ഗവര്‍ണറുടെ വാദം. ഇതോടെയാണ് അധികാരപരിധി സംബന്ധിച്ച് വ്യക്തത തേടി കെജ്‌രിവാള്‍ സര്‍ക്കാരിനു വേണ്ടി ഇന്നലെ സ്റ്റാന്റിങ് കോണ്‍സല്‍ രാഹുല്‍ മെഹ്‌റ സുപ്രിംകോടതിയെ സമീപിച്ചത്.
Next Story

RELATED STORIES

Share it