Cricket

ഡര്‍ബനില്‍ വീണ്ടും സ്റ്റാര്‍ക്ക് കൊടുങ്കാറ്റ്; ഓസീസിന് തകര്‍പ്പന്‍ ജയം

ഡര്‍ബനില്‍ വീണ്ടും സ്റ്റാര്‍ക്ക് കൊടുങ്കാറ്റ്;  ഓസീസിന് തകര്‍പ്പന്‍ ജയം
X

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്‌ത്രേലിയക്ക് തകര്‍പ്പന്‍ ജയം. 118 റണ്‍സിനാണ് സന്ദര്‍ശകരായെത്തിയ ആസ്‌ത്രേലിയ വിജയം പിടിച്ചത്. 417 റണ്‍സെന്ന കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് 298 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഫാസ്റ്റ് ബൗളിങാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ജോഷ് ഹെയ്‌സല്‍വുഡ് മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.
രണ്ടാം ഇന്നിങ്‌സില്‍ എയ്ഡന്‍ മാര്‍ക്രമിനും (143) ക്വിന്റന്‍ ഡീകോക്കിനും (83) മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങാനായത്. ഏഴ് ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ് രണ്ടക്കം കാണാതെ കൂടാരം കയറിയത്. ഡീ ബ്രൂയിന്‍ 36 റണ്‍സെടുത്ത് പുറത്തായി. ഡീന്‍ എല്‍ഗര്‍ (9), ഹാഷിം അംല (8), എബി ഡിവില്ലിയേഴ്‌സ് (0) ഫഫ് ഡുപ്ലെസിസ് (4) എന്നിവരെല്ലാം നിരാശപ്പെടുത്തിയതാണ് ആതിഥേയര്‍ക്ക് തിരിച്ചടിയായത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 351 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 162 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.  അഞ്ച് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങാണ് ആദ്യം ഇന്നിങ്‌സിലും ആതിഥേയരെ തകര്‍ത്തത്. സ്റ്റാര്‍ക്കാണ് കളിയിലെ താരം. ജയത്തോടെ നാല് മല്‍സര പരമ്പരയില്‍ 1-0ന് ആസ്‌ത്രേലിയ മുന്നിലെത്തി.
ശക്തരായ ഇരു ടീമുകളും തമ്മിലുള്ള മല്‍സരമായതിനാല്‍ തന്നെ കളി ആവേശം കളത്തിന് പുറത്തേക്കുമെത്തിയിരുന്നു.  ഡിവില്ലിയേഴ്‌സിന്റെ വിക്കറ്റ് നേടിയ സമയത്ത് നഥാന്‍ ലിയോണും വാര്‍ണറും നടത്തിയ പെരുമാറ്റവും കളത്തിന് പുറത്ത് വാര്‍ണറും ഡി കോക്കും തമ്മിലുണ്ടായ വാക്കേറ്റവും മല്‍സരത്തെ വിവാദത്തിലേക്ക് നയിച്ചിരുന്നു.
Next Story

RELATED STORIES

Share it