Pravasi

ഡയമണ്ട് ലീഗില്‍ ഖത്തറിനു വേണ്ടി ബര്‍ഷിം ഉള്‍പ്പെടെ പ്രമുഖര്‍ ഇറങ്ങും



ദോഹ: അടുത്ത മാസം 5ന് ദോഹയില്‍ നടക്കുന്ന ഐഎഎഎഫ് ഡയമണ്ട് ലീഗില്‍ ഒളിംപിക് ഹൈജംപ് താരം മുഅ്തസ് ബര്‍ഷിം ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കളത്തിലിറങ്ങും. മെയ് 5ന് വൈകീട്ട് 6 മുതല്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലാണ് ഡയമണ്ട് ലീഗ് സീരീസിലെ ദോഹ മീറ്റിങ്. പുരുഷ, വനിതാ ഓട്ടമല്‍സരം, പോള്‍വോള്‍ട്ട്, ഷോട്ട്പുട്ട് ഉള്‍പ്പെടെയുള്ള മല്‍സരങ്ങള്‍ ഇവിടെ അരങ്ങേറും. റിയോ ഒളിംപിക്‌സില്‍ വെള്ളി നേടിയ ബര്‍ഷിം ഉള്‍പ്പെടെ 13 ഖത്തരി അത്‌ലറ്റുകളാണ് ഇത്തവണ ഡയമണ്ട് ലീഗില്‍ ഇറങ്ങുന്നത്. 200 മീറ്ററില്‍ ഒളിംപിക് താരം എലൈന്‍ തോംസണ്‍(ജമൈക്ക), 1,500 മീറ്ററില്‍ മൂന്ന് തവണ ലോക ചാംപ്യനും 2008 ബെയ്ജിങ് ഒളിംപിക് ചാംപ്യനുമായ ആസ്ബല്‍ കിപ്‌റോപ്(കെനിയ), 100 മീറ്ററില്‍ ഏഷ്യയിലെ ഏറ്റവും വേഗമേറിയ താരം ഫെമി ഒഗുനോഡെ(നൈജീരിയ) തുടങ്ങിയ പ്രമുഖര്‍ മല്‍സരിക്കും. മല്‍സരത്തിന്റെ ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. 40 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്. സീസണിലെ ആദ്യ മല്‍സരം സ്വന്തം നാട്ടുകാരുടെ മുന്നിലാവുന്നതിന്റെ ആവേശത്തിലാണ് താനെന്ന് ബര്‍ഷിം പറഞ്ഞു. എന്നാല്‍, തന്റെ പ്രധാന ശ്രദ്ധ ആഗസ്തില്‍ ലണ്ടനില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പാണെന്നും 25കാരനായ ബര്‍ഷിം കൂട്ടിച്ചേര്‍ത്തു. ലണ്ടനില്‍ തന്റെ ആദ്യ സ്വര്‍ണം നേടാമെന്ന് പ്രതീക്ഷയിലാണ് അദ്ദേഹം.ഒളിംപിക്‌സ് താരം അഹ്്മദ് ബെദീര്‍(ജാവലിന്‍), സ്പ്രിന്റര്‍ ഫെമി ഒഗുനോഡെ(100 മീറ്റര്‍), പുതുമുഖ താരങ്ങളായ അബ്്ദുല്‍ റഹ്്മാന്‍ സാംബ, മുഹമ്മദ് ഷുഹൈബ്(400 മീറ്റര്‍ ഹര്‍ഡില്‍സ്) തുടങ്ങിയവരാണ് ഖത്തറിന്റെ മറ്റു പ്രതീക്ഷകള്‍. ആസ്പയര്‍ അക്കാദമി ബിരുദധാരിയായ സാംബ മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന സാസോള്‍-എന്‍ഡബ്ല്യുയു ഇന്റര്‍നാഷനല്‍ അത്‌ലറ്റിക് മീറ്റിങില്‍ ഒന്നാമതെത്തിയിരുന്നു.
Next Story

RELATED STORIES

Share it