kozhikode local

ഡന്റല്‍ കോളജില്‍ റാഗിങിനിരയായ വിദ്യാര്‍ഥിയുടെ പിതാവ് കോടതിയില്‍

കോഴിക്കോട്: സ്വകാര്യ ഡന്റല്‍ കോളജില്‍ റാഗിങ്ങിനിരയായ വിദ്യാര്‍ഥിയുടെ പിതാവ് കോടതിയെ സമീപിച്ചു. ഉള്ള്യേരി മൊടക്കൂരിലെ സ്വകാര്യ ഡന്റല്‍ കോളജില്‍ റാഗിങ്ങിനിരയായ ഒന്നാംവര്‍ഷ വിദ്യാര്‍ഥി തൊണ്ടയാട് ശ്രീപാദത്തില്‍ അഭിനവിനെ മര്‍ദ്ദിച്ചിട്ടും നടപടിയെടുക്കാത്തതിനെതിരേയാണ് പിതാവ് പ്രവീണ്‍ സ്ഥാപന മേധാവിക്കെതിരേ കോടതിയെ സമീപിച്ചത്.
ആന്റി റാഗിങ് നിയമ പ്രകാരം കോളജ് നടപടി സ്വീകരിച്ചില്ലെന്ന് കാട്ടിയാണ് പ്രവീണ്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ സമീപിച്ചത്. കഴിഞ്ഞ മാസം ഏഴിനാണ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ അഭിനവ് ക്രൂരമായ റാഗിങ്ങിന് ഇരയായത്. അഞ്ചാം തിയ്യതിയാണ് കോളജില്‍ ഒന്നാം വര്‍ഷ ബിഡിഎസ് ക്ലാസ് തുടങ്ങിയത്. ഏഴിന് പ്രിന്‍സിപ്പളിന്റെ മുറിയില്‍ നിന്ന് പുറത്തിറങ്ങിയ അഭിനവിനെ ആറു പേരടങ്ങുന്ന സംഘം തടഞ്ഞു നിര്‍ത്തി സമീപത്തെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
പരാതി നല്‍കിയാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചിച്ചിട്ടും സ്ഥാപന മേധാവി പോലിസില്‍ വിവരം അറിയിക്കുകയോ റാഗിങ് വിരുദ്ധ നിയമ പ്രകാരം നടപടി എടുക്കുകയോ ചെയ്തിട്ടില്ലെന്ന് ലീഗല്‍ അതോറിറ്റിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് യുജിസി നടപ്പാക്കിയ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്ഥാപന മേധാവി പ്രവര്‍ത്തിച്ചത്. മാനദണ്ഡം അനുസരിച്ച് കേളജുകളില്‍ ആന്റി റാഗിങ് സെല്‍ രൂപീകരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ മൊടക്കൂര്‍ ദന്തല്‍ കോളജില്‍ ആന്റി റാഗിങ് സെല്ല് നിലവിലില്ലെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. റാഗിങ്ങില്‍ മാരകമായി പരിക്കേറ്റ അഭിനവ് ഏറെ ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടിലേക്ക് മടങ്ങിയെങ്കിലും മസ്തിഷ്‌ക ആഘാതം കാരണം തുടര്‍ ചികില്‍സയിലാണ്.
സ്ഥാപന മേധാവിയില്‍ നിന്നു പരാതി ലഭിച്ചാല്‍ മാത്രമേ നിയമ പ്രകാരം കേസെടുക്കാനാവുകയുള്ളൂ എന്നതിനാല്‍ പോലിസും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പിതാവ് കോടതിയെ സമീപിച്ചത്. ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്ത് പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് പോലിസ് സ്വീകരിച്ചതെന്ന് പ്രവീണ്‍ കോഴിക്കോട് റൂറല്‍ പോലിസ് സൂപ്രണ്ടിന് നല്‍കിയ പരാതിയിലും പറയുന്നു.
Next Story

RELATED STORIES

Share it