ഡച്ചുകാരുടെ വിപ്ലവനായകന്‍

പി  എന്‍  മനു

ഫുട്‌ബോളില്‍ നിരവധി വിപ്ലവങ്ങ ള്‍ക്കു തുടക്കമിട്ടാണ് യൊഹാന്‍ ക്രൈഫെന്ന സമാനതകളില്ലാത്ത ഇതിഹാസം തിരശീലയ്ക്കു പിന്നില്‍ മറയുന്നത്. 1970കളില്‍ ടോട്ടല്‍ ഫുട്‌ബോളെന്ന പുതിയൊരു കേളീശൈലിക്കു തന്നെ രൂപം കൊടുത്ത് അദ്ദേഹം ലോകത്തെ വിസ്മയിപ്പിച്ചു. 1974ലെ ലോകകപ്പില്‍ ഡച്ച് ടീമിന്റെ ഫൈനല്‍ പ്രവേശനം ക്രൈഫിന്റെ ചിറകിലേറിയായിരു ന്നു. ഫൈനലില്‍ പശ്ചിമ ജര്‍മനിയോട് ഹോളണ്ട് പരാജയപ്പെട്ടെങ്കിലും ടൂര്‍ണമെ ന്റിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ക്രൈഫിനായിരുന്നു. കളിക്കാരനെന്ന നിലയില്‍ മാത്രമല്ല പരിശീലകനെന്ന നിലയിലും ക്രൈഫിനു പകരം വയ്ക്കാന്‍ മറ്റൊരാളില്ല. മൂന്നു തവണ ഫിഫയുടെ ഏറ്റവും മികച്ച കളിക്കാരനുള്ള ലോക ഫുട്‌ബോളര്‍ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1971, 73, 74 വര്‍ഷങ്ങളിലാണ് ക്രൈഫ് ഫുട്‌ബോളിലെ ചക്രവര്‍ത്തി പദം അലങ്കരിച്ചത്.  19 വര്‍ഷം നീണ്ട കരിയറില്‍ വിവിധ ടീമുകള്‍ക്കായി 520 കളികളില്‍ നിന്ന് 392 ഗോളുകളാണ് ക്രൈഫിന്റെ സമ്പാദ്യം. കോച്ചെന്ന നിലയില്‍ 387 മല്‍സരങ്ങളില്‍ 242 ജയങ്ങള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. 70കളില്‍ ഹോളണ്ടിന്റെ ഓറഞ്ചുകുപ്പായക്കാര്‍ ലോക ഫുട്‌ബോളിലെ വന്‍ ശക്തികളായി മാറിയത് ക്രൈഫിന്റെ കീഴിലായിരുന്നു. 48 മല്‍സരങ്ങളില്‍ ഓറഞ്ചു കുപ്പായമണിഞ്ഞ അദ്ദേഹം 33 ഗോളുകളും നേടിയിട്ടുണ്ട്. ക്രൈഫ് ഗോള്‍ നേടിയ ഒരു മല്‍സരത്തി ല്‍പ്പോലും ഡച്ച് ടീം തോറ്റിട്ടില്ലെന്നതാണ് ശ്രദ്ധേയം. 1966 സപ്തംബര്‍ ഏഴിന് 68ലെ യൂറോ കപ്പിനുള്ള യോഗ്യതാ മല്‍സരത്തിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ഹംഗറിയുമായി ഹോളണ്ട് 2-2നു സമനിലയില്‍ പിരിഞ്ഞ മല്‍സരത്തില്‍ ഗോളുമായി ക്രൈഫ് അരങ്ങേറ്റം ഗംഭീരമാക്കി. 74ലെ ലോകകപ്പിലാണ് ക്രൈഫെന്ന ഫുട്‌ബോള്‍ പ്രതിഭയെ ലോകം തിരിച്ചറിഞ്ഞത്. ക്രൈഫിന്റെ മാസ്മരിക പ്രകടനത്തിന്റെ കരുത്തില്‍ വമ്പന്‍മാരായ അര്‍ജന്റീന, ബ്രസീല്‍, കിഴക്കന്‍ ജര്‍മനി എന്നിവരെ ഹോളണ്ട് അട്ടിമറിച്ചു. അര്‍ജന്റീനയെ ഹോളണ്ട് 4-0നു തകര്‍ത്ത കളിയില്‍ ഇരട്ടഗോളുകള്‍ നേടിയ ക്രൈഫായിരുന്നു ഹീറോ. നിലവിലെ ജേതാക്കളെന്ന തലയെടുപ്പോടെയത്തിയ ബ്രസീലിനെ ഡച്ച് ടീം 2-0നു ഞെട്ടിച്ചപ്പോള്‍ രണ്ടാം ഗോള്‍ അദ്ദേഹത്തിന്റെ പേരിലായിരുന്നു. ലോകകപ്പ് കഴിഞ്ഞ് മൂന്നു വര്‍ഷത്തിനകം ക്രൈഫ് അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിടചൊല്ലി. ഡച്ച് ടീം വിട്ടെങ്കിലും ക്ലബ്ബ് ഫുട്‌ബോളില്‍ നിറസാന്നിധ്യമായി അദ്ദേഹം തുടര്‍ന്നു. ടോട്ടല്‍ ഫുട്‌ബോളെന്ന പുതിയൊരു ശൈലി ഡച്ച് ടീമില്‍ നടപ്പാക്കിയത് ക്രൈ ഫും അന്നത്തെ പരിശീലകനായിരുന്ന റിനസ് മൈക്കെല്‍സും ചേര്‍ന്നായിരുന്നു. മൈക്കെല്‍സിന്റെ നിര്‍ദ്ദേശങ്ങള്‍ ക്രൈഫ് കളിക്കളത്തില്‍ നടപ്പാക്കിയതോടെ ഡച്ച് ടീം ലോക ഫുട്‌ബോളിലെ വന്‍ ശക്തികളായി മാറി. ബാഴ്‌സയുടെ പ്രിയതാരം1973ല്‍ അന്നത്തെ റെക്കോഡ് തുകയായ ആറു മില്യണ്‍ ഗ്വില്‍ഡറിനാണ് ക്രൈഫിനെ സ്‌പെയിനിലെ വമ്പന്‍മാരായ ബാഴ്‌സലോണ സ്വന്തമാക്കിയത്. 1960നുശേഷം ബാഴ്‌സ ആദ്യമായി ലീഗ് കിരീടമുയര്‍ത്തിയപ്പോള്‍ അദ്ദേഹം ഒപ്പമുണ്ടായിരുന്നു. കളിക്കളത്തില്‍ ക്രൈഫിന്റെ ചടുലതയും ബുദ്ധിപരമായ നീക്കങ്ങളുമാണ് ബാഴ്‌സയുടെ കുതിപ്പിന് ഊര്‍ജമേകിയത്. 74ല്‍ യൂറോപ്യന്‍ ഫുട്‌ബോളര്‍ പുരസ്‌കാരത്തിന് ക്രൈഫ് അര്‍ഹനായി.73 മുതല്‍ 78 വരെ ബാഴ്‌സയ്ക്കായി കളത്തിലിറങ്ങിയ ക്രൈഫ് 143 മല്‍സരങ്ങളില്‍ നിന്ന് 48 ഗോളുകള്‍ നേടി. ബാഴ്‌സയിലെത്തുന്നതിനു മുമ്പ് നാട്ടിലെ പ്രമുഖ ക്ലബ്ബായ അയാക്‌സിന്റെ താരമായിരുന്നു അദ്ദേഹം. 240 കളികളില്‍ അയാക്‌സിനായി ബൂട്ടണിഞ്ഞ താരം 190 ഗോളുകള്‍ അടിച്ചുകൂട്ടി. ബാ ഴ്‌സ വിട്ട ശേഷം ലോസ് ആഞ്ചലസ് അക്‌റ്റെസ്, വാഷിങ്ടണ്‍ ഡിപ്ലോമാറ്റ്‌സ്, ലെവ ന്റെ, ഫെയ്‌നൂര്‍ദ് ക്ലബ്ബുകള്‍ക്കായും ക്രൈഫ് കളിച്ചു. സൂപ്പര്‍ കോച്ച്പരിശീലകക്കുപ്പായത്തിലും അവിസ്മരണീയനേട്ടം കൊയ്ത വ്യക്തിയാണ് ക്രൈഫ്. ബാഴ്‌സലോണയ്ക്കു നാല് ലീഗ് കിരീടങ്ങളും ഒരു യൂറോപ്യന്‍ കപ്പ് വിന്നേഴ്‌സ് ക പ്പും യൂറോപ്യന്‍ കപ്പും കിങ്‌സ് കപ്പുമെല്ലാം അദ്ദേഹം നേടിക്കൊടുത്തു.11 ട്രോഫികളാണ് ക്രൈഫ് ടീമിനു സമ്മാനിച്ചത്. വര്‍ഷങ്ങളോളം നിലനിന്ന ഈ റെക്കോഡ് തിരുത്തിയത് പെപ് ഗ്വാര്‍ഡിയോളയാണ്. നിലവില്‍ ബാഴ്‌സയുടെ മുഖമുദ്രയായ ടിക്കി-ടാക്കയെന്ന ശൈലി കൊണ്ടുവന്നത് ക്രൈഫാണ്. കൂടാതെ ബാഴ്‌സയുടെ യൂത്ത് അക്കാദമിയെ കൂടുതല്‍ ശക്തമാക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു.
Next Story

RELATED STORIES

Share it