kozhikode local

ടൗണ്‍ഹാളിനോടു ചേര്‍ന്ന് സ്ത്രീസൗഹൃദ ശുചിമുറി ഒരുങ്ങുന്നു

കോഴിക്കോട്: നഗരസഭാ ടൗ ണ്‍ ഹാളില്‍ എത്തുന്ന സ്ത്രീകള്‍ക്കായി പ്രത്യേക ശുചിമുറി ഒരുങ്ങുന്നു. ടൗണ്‍ ഹാളില്‍ നടന്നു വരുന്ന അറ്റകുറ്റപണികള്‍ക്കൊപ്പമാണ് സ്ത്രീ സൗഹൃദ ടോയ്‌ലെറ്റ് പണിയുന്നത്. നിയമ നിര്‍ദേശങ്ങള്‍ അവഗണിച്ച് ടൗണ്‍ ഹാളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ശുചിമുറി സജ്ജീകരിക്കാത്തത് സംബന്ധിച്ച് തേജസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്നാണ് മുന്‍നിശ്ചയിച്ച അറ്റകുറ്റപണികള്‍ക്കൊപ്പം ടോയ്‌ലെറ്റും പണിയാന്‍ തീരുമാനിച്ചത്. ടൗണ്‍ഹാളിനും ആര്‍ട്ട് ഗാലറിക്കും ഇടയില്‍, നിലവിലുള്ള ടോയ്‌ലെറ്റുകള്‍ക്ക് സമാന്തരമായാണ് പുതിയത് പണിയുന്നത്. ഏത് സര്‍ക്കാര്‍-സ്വകാര്യ സംരംഭങ്ങളിലും സ്ത്രീകള്‍ക്ക് പ്രത്യേകമായി ശുചിമുറികള്‍ പണിയണമെന്ന് നിയമപരമായ നിര്‍ദേശമുണ്ട്. എന്നാല്‍, പതിറ്റാണ്ടുകളായി ടൗണ്‍ഹാളില്‍ ഈ സൗകര്യം ഏര്‍പ്പെടുത്താന്‍ കോര്‍പറേഷന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. ആര്‍ട്ട് ഗാലറി പുതുക്കി പണിതപ്പോഴാണ് സ്ത്രീകളുടെ ശുചിമുറിയും പൊളിച്ചു മാറ്റിയത്.
ആര്‍ട്ട് ഗാലറിക്ക് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി പ്രത്യേകം പ്രത്യേകം ശുചിമുറികള്‍ നിര്‍മിച്ചെങ്കിലും, ടൗണ്‍ഹാളില്‍ എത്തുന്ന വനിതകള്‍ക്കായി പ്രത്യേക ശുചിമുറികള്‍ ഉണ്ടായിരുന്നില്ല. ആര്‍ട്ട് ഗാലറിയുടെ ടോയ്‌ലെറ്റുകള്‍ പൂട്ടിയിടുന്നതുകൊണ്ടും വൈകീട്ട് ഏഴ്മണിക്ക് ഗാലറി അടയ്ക്കുന്നതുകൊണ്ടും ഇവ ടൗണ്‍ ഹാളില്‍ എത്തുന്നവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയിരുന്നില്ല. പ്രത്യേക സംവിധാനം ഇല്ലാത്തതിനാല്‍, വിവിധ പരിപാടികള്‍ക്ക് ടൗണ്‍ ഹാളില്‍ എത്തുന്ന വനിതകള്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇക്കാര്യം പഴയ മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. ടൗണ്‍ ഹാളിലെ അറ്റകുറ്റപണികള്‍ക്കായി നീക്കിവച്ച പത്ത് ലക്ഷം രൂപയുടെ പ്രവൃത്തികളിലാണ് ഇപ്പോള്‍ വനിതാ ടോയ്‌ലെറ്റും ഉള്‍പ്പെടുത്തിയത്. വര്‍ഷങ്ങള്‍ നീണ്ട ഒരു പെണ്‍പരാതിക്ക് ഇതോടെ പരിഹാരമാവുകയാണ്.
Next Story

RELATED STORIES

Share it