kasaragod local

ടൗണില്‍ മാലിന്യം നിറഞ്ഞു; നാട്ടുകാര്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍

ഉപ്പള: ടൗണിലും പരിസര പ്രദേശങ്ങളിലും മാലിന്യം മൂലം ജനങ്ങള്‍ പൊറുതി മുട്ടുന്നു. പലയിടത്തും മാലിന്യക്കൂമ്പാരം കാരണം പരിസരം ചീഞ്ഞുനാറുകയാണ്. ഉപ്പള, കൈക്കമ്പ, നയാബസാര്‍, ബന്തിയോട് എന്നിവിടങ്ങളിലാണ് മാലിന്യക്കൂമ്പാരം കുന്ന് കൂടിക്കിടക്കുന്നത്. മാലിന്യം യഥാസമയം നീക്കം ചെയ്യാതെ മംഗല്‍പാടി പഞ്ചായത്ത് അധികൃതര്‍ മൗനം പാലിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
മഴക്ക് മുമ്പ് മാലിന്യങ്ങള്‍ നീക്കിയില്ലെങ്കില്‍ പകര്‍ച്ച വ്യാധി അടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. മാലിന്യക്കൂമ്പാരത്തില്‍ നിന്ന് ഭക്ഷിക്കാന്‍ എത്തുന്ന പട്ടിക്കൂട്ടം കാല്‍നട യാത്രക്കാരെ അക്രമിക്കുന്നത് പതിവ് കാഴ്ചയാണ്. മാസങ്ങള്‍ക്ക് മുമ്പ് ഉപ്പളയിലെ മാലിന്യക്കൂമ്പാരത്തിന് സമീപത്ത് നിന്ന് പട്ടിക്കൂട്ടം കാല്‍നട യാത്രക്കാരായ പിഞ്ചുകുഞ്ഞടക്കം എട്ടോളം പേരെ കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.
ദേശീയ പാതയോരത്തെ വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം കൊണ്ട് വന്ന് റോഡരികിലാണ് തള്ളുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മംഗല്‍പാടി പഞ്ചായത്ത് അധികൃതര്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ഉപ്പള ടൗണിന്റെ പല ഭാഗങ്ങളിലും പ്ലാസ്റ്റിക് വീപ്പകള്‍ നിക്ഷേപിച്ചിരുന്നു. ഇവ പൊട്ടിപ്പൊളിഞ്ഞെങ്കിലും പുനഃസ്ഥാപിച്ചില്ല. എത്രയും പെട്ടെന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകുമെന്ന് വ്യാപാരികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it