Citizen journalism

ട്വന്റി-20യുടെ വിജയം സൂചിപ്പിക്കുന്നത്

തദ്ദേശ തിരഞ്ഞെടുപ്പില്‍ കിഴക്കമ്പലം പഞ്ചായത്തിലെ ട്വന്റി-20യുടെ വിജയത്തെ വലിയ സംഭവമാക്കി മാറ്റാന്‍ പത്ര-ദൃശ്യമാധ്യമങ്ങള്‍ ശ്രമിക്കുന്നത് ജനാധിപത്യ കേരളത്തിനു ഭൂഷണമല്ല. കാരണം അത് ഒരു ജനകീയ ജനാധിപത്യ സംവിധാനമല്ല. കിറ്റെക്‌സ് എന്ന കോര്‍പറേറ്റ് സ്ഥാപനത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ മാനേജ്‌മെന്റ് സംവിധാനമാണത്.
കമ്പനിയുണ്ടാക്കിയ മാലിന്യ-പരിസ്ഥിതിപ്രശ്‌നങ്ങളുടെ പേരില്‍ കിറ്റെക്‌സിനെതിരേ അന്നത്തെ പഞ്ചായത്ത് ഭരണസമിതി കക്ഷിരാഷ്ട്രീയഭേദമന്യേ ശക്തമായ നിലപാട് സ്വീകരിച്ചു. കമ്പനി തന്നെ പൂട്ടേണ്ട അവസ്ഥ പഞ്ചായത്തിലുണ്ടായി. ഒരവസരത്തില്‍ അന്യസംസ്ഥാനങ്ങളിലേക്ക് കിറ്റെക്‌സ് പറിച്ചുനടാന്‍ വരെ മാനേജ്‌മെന്റ് ആലോചിച്ചതാണ്. ആ പശ്ചാത്തലത്തില്‍ കോര്‍പറേറ്റ് മാനേജ്‌മെന്റ് വിദഗ്ധരുടെ തന്ത്രപരമായ നീക്കത്തിലൂടെ ഉണ്ടാക്കിയെടുത്തതാണ് ട്വന്റി-20 എന്ന സംഘടന. വീട്ടുസാധനങ്ങള്‍ വില കുറച്ചു നല്‍കിയും മറ്റു ചില ജനകീയ ആവശ്യങ്ങള്‍ക്ക് പണം നല്‍കിയും അവര്‍ സാധാരണ ജനങ്ങളുടെ പ്രീതി പിടിച്ചുപറ്റി. 'ചെറിയ മീനിനെ കോര്‍ത്തിട്ട് വലിയ മീനിനെ പിടിക്കുക' എന്ന തന്ത്രത്തിലൂടെ കിറ്റെക്‌സ് നേതൃത്വം മറയാക്കി പഞ്ചായത്ത് ഭരണം കൈക്കലാക്കിയിരിക്കുകയാണ്.
ട്വന്റി-20യുടെ ബാനറില്‍ ജയിച്ച പഞ്ചായത്ത് മെംബര്‍മാര്‍ക്ക് നോക്കുകുത്തികളാവേണ്ട അവസ്ഥയാണ് ഇനി വരാന്‍ പോകുന്നത്. കിറ്റെക്‌സ് മാനേജ്‌മെന്റ് പറയുന്നിടത്തെല്ലാം അവര്‍ ഒപ്പിടേണ്ടിവരും. ഈ പ്രവണത ജനാധിപത്യത്തിനും ഭാവിതലമുറയ്ക്കും ആശാസ്യമല്ല. ഈ കമ്പനിയുടെ നേതൃത്വത്തില്‍ ഒട്ടേറെ വ്യവസായ സ്ഥാപനങ്ങള്‍ ഈ പഞ്ചായത്തിലേക്ക് വരാന്‍പോകുന്നതായി മാനേജ്‌മെന്റ് തന്നെ അറിയിച്ചിട്ടുള്ളതുമാണ്. കമ്പനിയുടെ നേതൃത്വത്തിലുള്ള ഭരണം നടക്കുമ്പോള്‍ പരിസ്ഥിതി-മാലിന്യപ്രശ്‌നങ്ങളെയും നിയമസംവിധാനങ്ങളെയും പേടിക്കേണ്ടതില്ലല്ലോ. ജനങ്ങളാണ് അവസാനം തോല്‍ക്കുക.

അമല്‍ ഷാജി
പെരുമ്പാവൂര്‍

Next Story

RELATED STORIES

Share it