ട്വന്റി-ട്വന്റി കൂട്ടായ്മയുടെ വിജയം വ്യക്തമാക്കുന്നത് മുന്നണികളുടെ അവസരവാദ രാഷ്ട്രീയം

കൊച്ചി: സ്വകാര്യ കമ്പനിയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ട്വന്റി-ട്വന്റി കൂട്ടായ്മ കിഴക്കമ്പലം ഗ്രാമപ്പഞ്ചായത്തിന്റെ ഭരണം പിടിച്ചതിലൂടെ വ്യക്തമാവുന്നത് സംസ്ഥാനത്തെ ഇടത്- വലതു മുന്നണികളുടെ അവസരവാദപരമായ നിലപാട്. 19 വാര്‍ഡുകളുള്ള കിഴക്കമ്പലം ഗ്രാമപ്പഞ്ചായത്തില്‍ 17 വാര്‍ഡുകളും പിടിച്ചെടുത്തുകൊണ്ടാണ് ട്വന്റി-ട്വന്റി കൂട്ടായ്മയ പഞ്ചായത്തിന്റെ ഭരണം കൈപ്പിടിയിലാക്കിയത്.
ഒരു വാര്‍ഡില്‍ എസ്ഡിപിഐയും മറ്റൊരു വാര്‍ഡില്‍ യുഡിഎഫ് സ്വതന്ത്രനും വിജയിച്ചു. യുഡിഎഫിന്റെ നേതൃത്വത്തിലായിരുന്നു നേരത്തേ പഞ്ചായത്ത് ഭരിച്ചിരുന്നതെങ്കിലും ഇത്തവണ ഒറ്റ സീറ്റില്‍ മാത്രമായി ഇവര്‍ ഒതുങ്ങി. സിപിഎമ്മിനോ എല്‍ഡിഎഫിനോ ഒറ്റ സീറ്റുപോലും നേടാന്‍ കഴിഞ്ഞില്ല. കിറ്റെക്‌സ് കമ്പനിയുടെ മലിനീകരണത്തിനെതിരേ 2012 മുതല്‍ എസ്ഡിപിഐയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് കാവുങ്ങപറമ്പ്, ചേലക്കുളം വാര്‍ഡുകളിലെ ജനങ്ങള്‍ നാളുകളായി പ്രക്ഷോഭം നടത്തിവരികയാണ്. മലിനീകരണത്തിന്റെ രൂക്ഷത അനുഭവിക്കുന്ന വാര്‍ഡുകളാണ് കാവുങ്ങപറമ്പ്, ചേലക്കുളം എന്നിവ. അതുകൊണ്ടുതന്നെ ഇവിടെ ട്വന്റി-ട്വന്റി കൂട്ടായ്മയ്ക്ക് വിജിയിക്കാന്‍ കഴിഞ്ഞില്ല. മലിനീകരണ വിരുദ്ധ സമിതി കണ്‍വീനര്‍ അബ്ദുല്‍ റഹ്മാനാണ് എസ്ഡിപിഐക്കു വേണ്ടി കാവുങ്ങപറമ്പില്‍ മല്‍സരിച്ച് വിജയിച്ചത്. ചേലക്കുളത്ത് യുഡിഎഫ് സ്വതന്ത്രന്‍ പി എച്ച് അനൂപും വിജയിച്ചു.
തങ്ങള്‍ക്കെതിരേ ഉയരുന്ന ശബ്ദത്തെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ കമ്പനി ഇടപെട്ട് ട്വന്റി-ട്വന്റി എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ച് പഞ്ചായത്തിലെ ജനങ്ങളെ കൈയിലെടുക്കുകയായിരുന്നുവത്രേ. ഒപ്പം നില്‍ക്കുന്നവര്‍ക്കായി ട്വന്റി-ട്വന്റി എന്ന പേരില്‍ പ്രത്യേക കാര്‍ഡ് നല്‍കി ഇവരുടെ സ്റ്റോറുകളില്‍നിന്നും നിത്യോപയോഗ സാധനങ്ങള്‍ പകുതി വിലയ്ക്ക് നല്‍കുകയും പാവപ്പെട്ടവര്‍ക്ക് വീടുവയ്ക്കാന്‍ സഹായവും ചെയ്തതോടെ പ്രദേശത്തെ നല്ലൊരു വിഭാഗം ഇവരുടെ കൂടെയായി. എന്നാല്‍, ഇതിലെ അപകടം തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കേണ്ടതിനു പകരം കോണ്‍ഗ്രസ്സില്‍ നിന്നും പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാമെന്ന മോഹത്തോടെ ട്വന്റി-ട്വന്റി കൂട്ടായ്മക്ക് പിന്തുണ നല്‍കുകയാണ് സിപിഎം ചെയ്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്. തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കിഴക്കമ്പലം ഗ്രാമപ്പഞ്ചായത്തിലെ പല വാര്‍ഡുകളിലും 50ല്‍ താഴെ വോട്ടുകള്‍ മാത്രമാണ് നേടാനായത്. ട്വന്റി-ട്വന്റി കൂട്ടായ്മ ജനാധിപത്യ സംവിധാനത്തെതന്നെ അപകടത്തിലാക്കുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് ഇപ്പോള്‍ പറയുന്നത്.
Next Story

RELATED STORIES

Share it