ട്രൈബല്‍ സഹകരണ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതി

സി   എ   സജീവന്‍

തൊടുപുഴ: ആദിവാസി മേഖലയിലെ സഹകരണ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നു. പുനര്‍ജ്ജനി എന്ന് പേരിട്ടിരിക്കുന്ന സഹകരണവകുപ്പിന്റെ ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 309 സംഘങ്ങളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.വികസനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ആദിവാസി മേഖലകളിലെ സഹകരണ സംഘങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഓരോ സഹകരണസംഘത്തെയും സജീവമാക്കുന്നതിനു വ്യക്തമായ കര്‍മപദ്ധതിയാണു സര്‍ക്കാര്‍ തയ്യാറാക്കുന്നത്. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഇന്‍ ഡവലപ്‌മെന്റി(സിഎംഡി)നെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. 14 ജില്ലകളിലും ഓരോ ഉദ്യോഗസ്ഥരെ വീതം ഇതിനായി നിയോഗിച്ചിരിക്കുകയാണ്. ഈ ഉദ്യോഗസ്ഥന്‍ അതത് ജില്ലകളിലെ സഹകരണ സംഘം ഭാരവാഹികളുമായി ചര്‍ച്ചചെയ്ത് വിശദമായ പ്രൊജക്റ്റുകള്‍ തയ്യാറാക്കി 10നകം സര്‍ക്കാരിന് സമര്‍പ്പിക്കും. ഈ പ്രൊജക്റ്റുകള്‍ ക്രോഡീകരിച്ച് മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചചെയ്ത് നടപ്പാക്കും. പുനര്‍ജ്ജനി പദ്ധതിയിലൂടെ ഈ ട്രൈബല്‍ മേഖലയിലെ സഹകരണ സ്ഥാപനങ്ങളെ കൂടുതല്‍ സജീവമാക്കാനാവുമെന്നും കരുതുന്നു. പദ്ധതിക്കായി ഈ മേഖലയിലെ നിലവില്‍ രജിസ്‌ട്രേഷനുള്ളതും എന്നാല്‍ നിര്‍ജ്ജീവമായതുമായ സംഘങ്ങളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ചിരുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലുമായി ആകെ 830 എസ്‌സിഎസ്ടി സംഘങ്ങളാണ് കണ്ടെത്തിയത്. ഇവയില്‍ നിന്നുമാണ് 309 സംഘങ്ങളെ തിരഞ്ഞെടുത്തത്. ഇവയുടെ ഭാരവാഹികള്‍ക്കായി മൂന്നുദിവസത്തെ പരിശീലനവും നല്‍കിക്കഴിഞ്ഞു. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ 100 ട്രൈബല്‍ സംഘങ്ങളെക്കൂടി ഉള്‍പ്പെടുത്തും. ട്രൈബല്‍ മേഖലയിലെ വികസനപ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം കൂടുതല്‍ ഉറപ്പാക്കാനും സഹകരണസ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിലൂടെ സാധ്യമാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.1980കളില്‍ ഈ ട്രൈബല്‍ സഹകരണസംഘങ്ങള്‍ സംസ്ഥാനത്ത് സജീവമായിരുന്നു. എന്നാല്‍ സാമ്പത്തിക അഴിമതിയും സര്‍ക്കാര്‍ മേല്‍നോട്ടത്തിന്റെ അപാകതകളും ഈ രംഗത്തെ ദുര്‍ബലമാക്കി. തമ്മില്‍ത്തല്ലുമൂലം നിരവധി സഹകരണസംഘങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it