thiruvananthapuram local

ട്രോളിങ് ബോട്ടുകളുടെ മല്‍സ്യബന്ധനം അടിയന്തരമായി തടയണമെന്ന് ആവശ്യം

തിരുവനന്തപുരം: തമിഴ്‌നാട്ടിലെയും കേരളത്തിലെയും ട്രോളിങ് ബോട്ടുകള്‍ തീരക്കടലില്‍ വന്ന് രാത്രിയും പകലും മീന്‍ പിടിക്കുന്നതുമൂലം തീരദേശത്ത് സംഘര്‍ഷം ഉടലെടുത്തിരിക്കുകയാണെന്ന് കേരള സ്വതന്ത്ര മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. ആലപ്പുഴ അന്ധകാരനഴിയില്‍ നാല് പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് ട്രോളിങ് ബോട്ടുകാരുടെ മര്‍ദ്ദനമേറ്റു. അവര്‍ ഇപ്പോള്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. തിരുവനന്തപുരത്ത് അഞ്ചുതെങ്ങിലും ട്രോളിങ് ബോട്ടുകള്‍ തീരക്കടലിലാണ് മല്‍സ്യബന്ധനം നടത്തുന്നത്. രാത്രികാല ട്രോളിങ് നിരോധനം നിലവിലുള്ളപ്പോഴാണ് തീരക്കടലിലേക്കുള്ള ബോട്ടുകാരുടെ കടന്നുകയറ്റം തുടരുന്നത്.
പരിധി ലംഘിക്കുന്ന ബോട്ടുകളെ പിടിച്ചുകെട്ടാനും തീരക്കടലില്‍ പട്രോളിങ് ശക്തമാക്കാനും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരദേശ പോലിസ് സേനയും അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
നാഷനല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ദേശീയ സെക്രട്ടറി ടി പീറ്റര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ജാക്‌സണ്‍ പൊള്ളയില്‍, ആന്റോ ഏലിയാസ്, വി ഡി മജീന്ദ്രന്‍, എസ് സ്റ്റീഫന്‍, വലേരിയന്‍ ഐസക്, മാഗ്ലിന്‍ പീറ്റര്‍, പി വി വില്‍സണ്‍, അബ്ദുല്‍ റാസിഖ്, എം അംബ്രോസ് സംസാരിച്ചു.
Next Story

RELATED STORIES

Share it