ട്രോളിങ് നിരോധന കാലയളവില്‍ ആശ്വാസമായി കേന്ദ്ര സഹായം; മീന്‍പിടിത്തക്കാര്‍ക്കുള്ള ധനസഹായം 4,500 ആക്കി വര്‍ധിപ്പിക്കാന്‍ ധാരണ

ന്യൂഡല്‍ഹി: ട്രോളിങ് നിരോധന കാലത്ത് മീന്‍പിടിത്തക്കാര്‍ക്ക് നല്‍കിവരുന്ന ധനസഹായം 2,700 രൂപയില്‍ നിന്ന് 4,500 ആക്കി വര്‍ധിപ്പിക്കാന്‍ ധാരണ. നിലവില്‍ കേന്ദ്രം നല്‍കുന്ന സഹായം 9,00 രൂപ 1,500 ആക്കി ഉയര്‍ത്താന്‍ ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായെന്ന് സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനവും അതിനനുസൃതമായി വിഹിതം ഉയര്‍ത്തും. അടുത്ത വര്‍ഷം മുതല്‍ ഈ തുക നല്‍കും. നിലവില്‍ കേന്ദ്രവും സംസ്ഥാനവും 9,00 രൂപ വീതവും മല്‍സ്യത്തൊഴിലാളികളുടെ വിഹിതമായ 9,00വും ചേര്‍ത്താണ് തുക നല്‍കുന്നത്. മല്‍സ്യത്തൊഴിലാളികള്‍ക്ക് ഭവന നിര്‍മാണത്തിന് നല്‍കുന്ന തുകയുടെ കേന്ദ്രവിഹിതം 1.2 ലക്ഷം രൂപയായി ഉയര്‍ത്താനും തീരുമാനമായി. നിലവില്‍ ഇത് 75,000 രൂപയാണ്. കേന്ദ്ര വിഹിതം 1.5ലക്ഷമാക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ഡല്‍ഹിയിലെത്തിയ മന്ത്രി ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, വാണിജ്യകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍, വിവരസാങ്കേതികകാര്യമന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവരുമായിചര്‍ച്ച നടത്തി. കടല്‍ക്ഷോഭം പ്രകൃതി ദുരന്തത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യം ആഭ്യന്തരമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്യാമെന്ന് അറിയിച്ചതായും മന്ത്രി വ്യക്തമാക്കി. മല്‍സ്യകൃഷിക്കാര്‍ക്ക് നല്‍കുന്ന വായ്പ 3.5 ലക്ഷമായി വര്‍ധിപ്പിക്കണമെന്നും ഇതിനായുള്ള പലിശനിരക്ക് 12 ശതമാനത്തില്‍ നിന്ന് മറ്റ് കാര്‍ഷിക വായ്പകളുടെ മാതൃകയില്‍ 4 ശതമാനമായി കുറയ്ക്കണമെന്നും കേരളം ആവശ്യപ്പെട്ടു. കുളം നിര്‍മിക്കാനുള്ള തുക 3 ലക്ഷത്തില്‍ നിന്ന് 7 ലക്ഷമായി ഉയര്‍ത്തണം. മീന്‍പിടിക്കാന്‍ പോവാന്‍ അനുമതിയുള്ള ദൂരം 12 നോട്ടിക്കല്‍ മൈല്‍ എന്നത് 36 നോട്ടിക്കല്‍ മൈലായി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടു. കേരളത്തിന് മറൈന്‍ ആംബുലന്‍സ് അനുവദിക്കണം. മല്‍സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത് കേരളം നിരോധിച്ച മാതൃകയില്‍ മറ്റു സംസ്ഥാനങ്ങളും നിരോധനം കൊണ്ടുവരാന്‍ കേന്ദ്രം മുന്‍കൈയെടുക്കണം.
സംസ്ഥാനത്തെ മല്‍സ്യ വിലവര്‍ധന നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുമെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മല്‍സ്യബന്ധനത്തിനിടെ ഡീഗോഗാര്‍ഷ്യയില്‍ തടവിലാക്കപ്പെട്ട മല്‍സ്യത്തൊഴിലാളികളുടെ മോചിപ്പിക്കാന്‍ അടയ്‌ക്കേണ്ട പിഴതുകയില്‍ കേരളത്തിന്റെ വിഹിതം നല്‍കാന്‍ തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it