malappuram local

ട്രോളിങ് നിരോധനത്തിന് ദിവസങ്ങള്‍ മാത്രം; തീരം പട്ടിണിയില്‍

പൊന്നാനി: ട്രോളിങ് നിരോധനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ തീരം പട്ടിണിയില്‍. മൂന്നാഴ്ചയായി കടല്‍ പ്രക്ഷുബ്ദമായതിനാല്‍ ഒട്ടുമിക്ക ബോട്ടുകളും കടലില്‍ പോയിട്ടില്ല. ഇതോടെ മല്‍സ്യങ്ങളെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് പട്ടിണിയിലായത്. ഇതോടൊപ്പം 53 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിങ് നിരോധനം കൂടിയാവുമ്പോള്‍ തീരത്തെ ജനങ്ങളുടെ ദുരിതം ഇരട്ടിയാവും. ഈ മാസം 9ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കുന്ന ട്രോളിങിന്റെ ഭാഗമായി മല്‍സ്യബന്ധനത്തിനു പോവുന്ന സംസ്ഥാനത്തെ പതിനായിരത്തോളം ബോട്ടുകളുടെ എന്‍ജിന്‍ നിലയ്ക്കുമ്പോള്‍ മീന്‍പ്പിടിത്തത്തെ ആശ്രയിക്കുന്ന കുടുംബങ്ങളുടെ ജീവിതം താളംതെറ്റും.
മുന്‍വര്‍ഷങ്ങളില്‍ 47 ദിവസമാണ് ട്രോളിങ് കാലയളവെങ്കില്‍ ഇത്തവണ കേന്ദ്രത്തിന്റെ ആവശ്യപ്രകാരം 53 ദിവസമാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അവസാനവട്ട പണിയും ഇത്തവണ ചതിച്ചുവെന്നാണ് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്. കഴിഞ്ഞ മൂന്നാഴ്ചയായി ആഴക്കടലില്‍ ശക്തമായ കാറ്റും കോളുമായതിനാല്‍ ബോട്ടുകാര്‍ക്ക് കാര്യമായൊന്നും കിട്ടിയില്ല.
നിരാശയോടെയാണ് മീന്‍പ്പിടിത്തക്കാര്‍ മടങ്ങിയെത്തിയത്. മണ്‍സൂണ്‍ ആരംഭിച്ചാല്‍ പൊതുവെ നല്ല കോളുണ്ടാവാറുണ്ട്. ഇത്തവണ മീന്‍ കിട്ടിയതേയില്ല. ഡീസല്‍ ചെലവു പോലും ലഭിക്കാതെയാണ് മിക്ക ബോട്ടുകളും തിരിച്ചെത്തിയത്. കടല്‍ക്കാറ്റും ശക്തമായതിനാല്‍ മിക്ക ബോട്ടുകളും വേഗത്തില്‍ തിരമണിയുകയാണ്. ട്രോളിങ് നിരോധനത്തിനു മുന്നോടിയായി ബോട്ടുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്കു മാറ്റുന്ന തിരക്കാണ് തൊഴിലാളികള്‍ക്ക്. കരയ്‌ക്കെത്തിയ ബോട്ടുകാര്‍ വല, ജിപിഎസ്, എക്കോ സൗണ്ട്, വയര്‍ലെസ് തുടങ്ങിയ വിലപിടിപ്പുള്ള ഉപകരണങ്ങളെല്ലാം അഴിച്ചെടുത്ത് സുരക്ഷിതമാക്കുകയാണ്. ബേപ്പൂരിലും പൊന്നാനിയിലും ബോട്ടുകളിലെ തൊഴിലാളികള്‍ ഏറെ പേരും തമിഴ്‌നാട്ടുകാരും ബംഗാളികളുമാണ്. ഇവര്‍ ഒന്നിച്ച് നാട്ടിലേയ്ക്കു മടങ്ങിത്തുടങ്ങി.
മല്‍സ്യമേഖലയില്‍ എക്കാലത്തെയും മോശമായ സീസണാണ് കടന്നുപോയത്. ബോട്ടുടമകളെ കടക്കെണിയിലേയ്ക്കും തൊഴിലാളികളെ പട്ടിണിയിലേയ്ക്കും തള്ളിവിട്ട സീസണായിരുന്നു ഇത്തവണ. 53 ദിവസത്തെ നിരോധനത്തിനു പകരം മല്‍സ്യം പിടിക്കുന്നതിന് നിയന്ത്രണമാണ് വേണ്ടതെന്നാണ് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്. മീന്‍പ്പിടിത്ത നിരോധനംമൂലം പാവപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ പട്ടിണിയിലമരുമ്പോള്‍ വിദേശ കപ്പലുകള്‍ യഥേഷ്ടം മീന്‍ പിടിക്കുകയാണ്.
ഇതിന് സര്‍ക്കാര്‍ തലത്തില്‍ നടപടി വേണമെന്നാണ് മല്‍സ്യത്തൊഴിലാളികളുടെ ആവശ്യം. ട്രോളിങ് നിരോധന കാലയളവില്‍ സംസ്ഥാന അതിര്‍ത്തിയായ 12 നോട്ടിക്കല്‍ മൈല്‍വരെ പരമ്പരാഗത വള്ളക്കാര്‍ക്ക് മല്‍സ്യബന്ധനം അനുവദിക്കും. ഇവര്‍ എത്തിക്കുന്ന മല്‍സ്യമാവും ഇനിയുള്ള നാളുകളില്‍ വിപണിയിലെത്തുക.
Next Story

RELATED STORIES

Share it